എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ കള്ളക്കേസുകളില്‍ കുടുക്കി നിശബ്ദരാക്കാനുള്ള ബി.ജെ.പി ശ്രമത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റ്. കർണാടകത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തെ ശക്തമായി പ്രതിരോധിച്ചതിനുള്ള പ്രതികാര നടപടി ആണ് ഇപ്പോഴത്തെ അറസ്റ്റ്. അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
എതിർ സ്വരം ഉയർത്തുന്നവരെ അധികാരം ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കുന്നതാണ് പുതിയ കേന്ദ്ര സർക്കാർ നയം. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്‍റെ കാര്യത്തിൽ സി.ബി.ഐയെ ആണ് ഉപയോഗിച്ചതെങ്കിൽ, ഡി.കെ ശിവകുമാറിന്‍റെ കാര്യത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ആണ് ബി.ജെ.പി ഈ ദൌത്യം ഏൽപിച്ചത്. രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ ചെയ്യാനും അവരെ നിശബ്ദരാക്കാനും കേന്ദ്ര സർക്കാരിന്‍റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുകയാണ് അന്വേഷണ ഏജൻസികളെന്നതും കൂടുതല്‍ വ്യക്തമാവുകയാണ്. ഡി.കെ ശിവകുമാറിനെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമാണെന്നും പെട്ടെന്ന് ഉണ്ടാക്കിയെടുത്ത ഈ കേസിൽ യാതൊരു തെളിവുകളും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഡി.കെ ശിവകുമാറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു വരികയായിരുന്നു. ചോദ്യം ചെയ്യലിൽ കൃത്യമായ മറുപടികൾ ഡി.കെ ശിവകുമാർ നൽകി. എന്നാൽ എൻഫോഴ്സ്മെന്‍റിന്‍റെ വാദം ചോദ്യംചെയ്യലിനോട് ഡി.കെ ശിവകുമാർ സഹകരിക്കുന്നില്ലെന്നാണ്. രാഷ്ട്രീയ പക പോക്കലിന്‍റെ ഭാഗമായി ഇപ്പോൾ ഉണ്ടായിരിക്കുന്ന അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്നും ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരയാവുകയായിരുന്നു താനെന്നും ഡി.കെ ശിവകുമാർ പ്രതികരിച്ചു. രാജ്യത്തിന്‍റെ നിയമവ്യവസ്ഥയിലും ദൈവത്തിലും വിശ്വാസമുണ്ടെന്നും നിരപരാധിത്വം തെളിയിച്ച് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.