ശബരിമല യുവതീ പ്രവേശം: അനുകൂലിച്ച് ബി.ജെ.പി എം.പി ഉദിത് രാജ്

ശബരിമലയിലെ യുവതീപ്രവേശത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി എം.പി ഉദിത് രാജ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള വനിതകളുടെ പ്രവേശനത്തെ സ്വാഗതം ചെയ്യുകയാണെന്നും സ്ത്രീയ്ക്ക് അശുദ്ധി കൽപിക്കുന്ന ആചാരങ്ങൾ ലംഘിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംപിയും ഓൾ ഇന്ത്യാ പട്ടിക ജാതി പട്ടിക വർഗ കോൺഫെഡറേഷൻ ദേശീയ ചെയർമാനുമായ ഉദിത് രാജ്.

സ്ത്രീയിൽ നിന്നാണ് പുരുഷനും ജനിക്കുന്നത് എന്നിരിക്കേ എങ്ങിനെയാണു സ്ത്രീകൾ മാത്രം അശുദ്ധരാകുന്നതെന്ന് ഉദിത് രാജ് ചോദിച്ചു. പ്രധാനമന്ത്രിയുടെ നിലപാടിനോടു യോജിക്കുന്നില്ല. ദൈവം സർവവ്യാപിയാണെങ്കിൽ ക്ഷേത്രത്തിനു പുറത്തും ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകും. ഭരണഘടനയുടെ കണ്ണിൽ സ്ത്രീയും പുരുഷനും തുല്യരാണെന്നും നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയായ ഉദിത് രാജ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെയാണ് ബിജെപി എംപി തന്നെ യുവതീപ്രവേശത്തെ സ്വാഗതം ചെയ്തത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയെ ആർഎസ്എസ് ആദ്യം സ്വാഗതം ചെയ്തിരുന്നു. പിന്നീട് വിശ്വാസികളുടെ പ്രതിഷേധം കടുത്തതോടെ ആർ.എസ്.എസ് നിലപാടിൽ നിന്നും മലക്കം മറിയുകയായിരുന്നു.

Comments (0)
Add Comment