ബിജെപി കോഴ വിവാദം : ഓർഗനൈസിംഗ് സെക്രട്ടറിയുമായി സംസാരിക്കുന്ന ശബ്‌ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്

കണ്ണൂർ : സികെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ഫോൺ സംഭാഷണത്തിന്‍റെ മറ്റൊരു ശബ്‌ദരേഖ കൂടി പുറത്തുവിട്ട് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ബിജെപി ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി എം ഗണേഷുമായി സംസാരിക്കുന്നതിന്‍റെ റെക്കോർഡാണ് പ്രസീത പുറത്തുവിട്ടിരിക്കുന്നത്.

ജാനുവിന്‍റെ കാര്യത്തിന് വേണ്ടി സുരേന്ദ്രൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പ്രസീത ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. വേണ്ട വിധത്തിൽ അക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നായാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേഷ് മറുപടി നൽകുന്നു. ജാനു തന്നെ വിളിച്ചിരുന്നു. സുരേഷുമായി അവർ സംസാരിച്ച് പരസ്‌പരം ധാരണയിലെത്തിയിട്ടുണ്ടെന്നും ഗണേഷ് സംഭാഷണത്തിൽ പറയുന്നത് കേൾക്കാം.

ജാനുവിന് കോഴ നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ പ്രസീത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. ജാനുവിന് 25 ലക്ഷം രൂപ നൽകാൻ ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഈ സംഭാഷണത്തിൽ സുരേന്ദ്രൻ പറഞ്ഞിരുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് ഗണേഷുമായുള്ള പുതിയ ഫോൺ സംഭാഷണം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച പണം ജാനു സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് പ്രസീത പറയുന്നത്. സികെ ജാനുവിന് തിരുവനന്തപുരത്ത് വച്ച് കെ സുരേന്ദ്രന്‍ പത്ത് ലക്ഷവും ബത്തേരിയില്‍ വച്ച് ബിജെപി ജില്ലാ ഭാരാവാഹികള്‍ വഴി 25 ലക്ഷവും കൈമാറിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. ബത്തേരിയില്‍ പണം കൈമാറിയത് ഗണേഷ് ഇടപെട്ടാണെന്നും പ്രസീത ആരോപിച്ചിരുന്നു.

Comments (0)
Add Comment