ശബരിമല: ‘അയോധ്യ മോഡലിറക്കി’ സംഘർഷം വിതയ്ക്കാൻ ബി.ജെ.പി

B.S. Shiju
Monday, October 29, 2018

ശബരിമല യുവതീപ്രവേശന സമരങ്ങളുടെ വഴിതിരിച്ചുവിട്ട് സംസ്ഥാനത്ത് അരക്ഷിതാവസ്ഥയ്ക്ക് ബി.ജെ.പി നീക്കം. പ്രശ്‌നത്തിൽ ‘അയോധ്യ മോഡൽ’ രഥയാത്ര നടത്തി സംഘർഷമുണ്ടാക്കി സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് ബി.ജെ.പി – സംഘപരിവാർ അമിത്ഷായുടെ നിർദേശപ്രകാരം നീക്കങ്ങൾ ഊർജിതപ്പെടുത്തിയിട്ടുള്ളത്. യുവതീ പ്രവേശനത്തിൽ പിണറായി സർക്കാർ നിലപാട് കടുപ്പിച്ചതോടെ വിശ്വാസികളും ആശങ്കയിലാണ്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി സി.പി.എമ്മും ബി.ജെ.പിയും കണ്ണൂർ മോഡൽ സംഘർഷപരമ്പര സംസ്ഥാനത്ത് നടത്താനാണ് ലക്ഷ്യമിടുന്നത്.

മണ്ഡലകാല പൂജകൾക്കായി ശബരിമല നടതുറക്കുമ്പോൾ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷാ ശബരിമലയിലെത്തും. ദർശനത്തിനെന്ന പേരിൽ ശബരിമലയിൽ എത്തിച്ചേരുന്ന അമിത് ഷാ, യുവതീപ്രവേശന വിഷയത്തിൽ തീവ്രവർഗീയവികാരം ഇളക്കിവിട്ട് സംഘർഷസാധ്യത സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് ഉള്ളത്. അടുത്ത പാർലമെന്‍റ് തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശബരിമല യുവതീപ്രവേശനത്തെ രാഷ്ട്രീയമായി തങ്ങൾക്കനുകൂലമാക്കാൻ ബി.ജെ.പി – സംഘപരിവാർ സംഘടനകളും വിവിധ പ്രചാരണപരിപാടികൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. യുവതീപ്രവേശനത്തെ ന്യായീകരിച്ച ആർ.എസ്.എസും ബി.ജെ.പിയും തുടർന്നുണ്ടായ ജാള്യത മറയ്ക്കാൻ അമിത്ഷായെ കേരളത്തിലെത്തിച്ച് രാഷ്ട്രീയനീക്കത്തിന് തുടക്കമിടുകയായിരുന്നു. ഇടതു സർക്കാരിനെതിരെ വീരവാദങ്ങൾ മുഴക്കിയ അമിത്ഷാ, ബി.ജെ.പി വിശ്വാസികൾക്കൊപ്പമാണെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനുള്ള കുറുക്കുവഴിയായി ശബരിമല യുവതീപ്രവേശനത്തെ ഉപയോഗിക്കാനാണ് ബി.ജെ.പി -ആർ.എസ്.എസ്, കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളുടെ നീക്കം. വിശ്വാസികളുടെ വികാരം മുതലെടുത്ത് അതിനെ വോട്ടാക്കി മാറ്റാനാണ് അമിത്ഷാ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയ്ക്ക് നൽകിയ നിർദേശം. ഇതിനു പുറമേ സംസ്ഥാനത്ത് നിക്ഷ്പക്ഷമായി നിലയുറപ്പിച്ചിട്ടുള്ള എൻ.എസ്.എസ് – എസ്.എൻ.ഡി.പി നേതൃത്വങ്ങൾ തങ്ങളുടെ ഒപ്പമാണെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ശബരിമല യുവതീപ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്ത ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വങ്ങൾ അതിന് ഇനിയും മറുപടി നൽകാൻ തയ്യാറായിട്ടില്ല. വിശ്വാസികൾ തങ്ങൾക്കൊപ്പമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്ന ബി.ജെ.പി ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ മതസൗഹാർദ്ദം തകർത്ത് വർഗീയത ആളിക്കത്തിക്കാനാണെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പുമുണ്ട്.

സർവമത തീർഥാടന കേന്ദ്രമായ ശബരിമലയെ വർഗീയവത്ക്കരിക്കാനുള്ള ബി.ജെ.പി – ആർ.എസ്.എസ് നീക്കത്തെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികൾ ഗൗരവമായാണ് വീക്ഷിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ബോധവത്ക്കരണത്തിനുള്ള ശ്രമങ്ങൾക്കും കോൺഗ്രസും യു.ഡി.എഫും തുടക്കമിട്ടു കഴിഞ്ഞു. സമാധാന അന്തരീക്ഷം നിനലനിൽക്കുന്ന സംസ്ഥാനത്ത് കണ്ണൂർ മോഡൽ കൊലപാതക രാഷ്ട്രീയത്തിനും ആയോധ്യ മോഡൽ വർഗീയ വിഭജനത്തിനും സി.പി.എമ്മും ബി.ജെ.പിയും കച്ചമുറുക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ കോൺഗ്രസും യു.ഡി.എഫും ഒരുങ്ങിക്കഴിഞ്ഞു.