എറണാകുളം: 79 ലോക്സഭാ സീറ്റുകളിൽ കൃത്രിമം കാണിച്ചാണ് ബിജെപി മൂന്നാം തവണയും അധികാരത്തിൽ എത്തിയതെന്ന് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ പരകാല പ്രഭാകർ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികാരം നിലനിർത്താൻ വേണ്ടി ജനവിധി ബിജെപി അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ സബർമതി സ്റ്റഡി സെന്‍ററിൽ പ്രഭാഷണം നടത്തുകയായിരുന്നദ്ദേഹം.
ഏഴ് ഘട്ടങ്ങളായി നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേട് വിശകലനം ചെയ്ത മഹാരാഷ്ട്ര ആസ്ഥാനമായുള്ള വോട്ട് ഫോര്‍ ഡെമോക്രസി നടത്തിയ പഠനത്തെ ഉദ്ധരിച്ചാണ് പരകാല പ്രഭാകര്‍ ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് ബിജെപി ജനവിധി അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നും രണ്ടാം ഘട്ട പോളിംഗ് കണക്കുകള്‍ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഘട്ടത്തില്‍ മൊത്തം പോളിംഗ് ശതമാനം എത്രയെന്നോ ഇന്ത്യയിലെ ജനങ്ങളില്‍ എത്ര ശതമാനം വോട്ട് രേഖപ്പെടുത്തിയെന്നും ഇപ്പോഴും അറിയില്ല. രണ്ടാം ഘട്ടത്തില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനവും വളരെ ഉയര്‍ന്നതായിരുന്നു. മറ്റ് ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് ശതമാനം മാത്രമാണ് പ്രഖ്യാപിച്ചതെന്നും വോട്ടിംഗ് ശതമാനം സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകളല്ലെന്നും അദ്ദേഹം പറഞ്ഞു. അന്തിമ കണക്കുകള്‍ പുറത്തുവിടുന്നതിലെ കാലതാമസം ഭരണകക്ഷിക്ക് അനുകൂലമായി കണക്കുകള്‍ ക്രമീകരിക്കുന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1952 മുതലുള്ള രാജ്യത്തിന്‍റെ ചരിത്രത്തില്‍, പോള്‍ ചെയ്ത വോട്ടുകളുടെ താല്‍ക്കാലികവും അന്തിമവുമായ കണക്കുകള്‍ തമ്മിലുള്ള വ്യത്യാസം ഒരിക്കലും 1 ശതമാനം കടന്നിട്ടില്ലെന്നും 2024 ല്‍ വ്യത്യാസം 12.5 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലും ആന്ധ്രാപ്രദേശിലും 12.5 ശതമാനം അധിക വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. മൊത്തത്തില്‍, പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള വ്യത്യാസം 5 കോടിയാണ്. എന്നാല്‍ ഇതിനെ 540 സീറ്റുകള്‍ കൊണ്ട് വിഭജിക്കരുതെന്നും 15 സംസ്ഥാനങ്ങളിലെ 79 സീറ്റുകളിലെ വ്യത്യാസം വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
അതിനാല്‍ 79 സീറ്റുകളിലെ ഈ 5 കോടി വോട്ടുകളാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യത്യാസം വരുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തില്‍ 86,000 വോട്ടുകളുടെ വ്യത്യാസമുണ്ടെന്നും തൃശൂര്‍ മണ്ഡലത്തിലെ ബിജെപിയുടെ വിജയം 75,000 വോട്ടുകള്‍ക്കായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.