തെരഞ്ഞെടുപ്പ് തോല്‍വി ; ആർഎസ്എസും ബിജെപിയും പരസ്പരം പഴിചാരുന്നു

തിരുവനന്തപുരം : കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്പരം പഴിചാരി ആര്‍.എസ്.എസും ബി.ജെ.പിയും. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ്. തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ ആര്‍എസ്എസിനെതിരെ ബിജെപിയും രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍എസ്എസില്‍ നിന്ന് നിയോഗിക്കപ്പെടുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

പഞ്ചായത്ത് തലത്തില്‍ പോലും ഇത്തരം നേതാക്കളെ നിയോഗിക്കുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിക്കുന്നതായി ബി.ജെ.പി. പറയുന്നു. കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ്- ബി.ജെ.പി. നേതൃയോഗത്തിലാണ് പരസ്പര വിമര്‍ശനം ഉടലെടുത്തത്. ബിജെപി നേതാക്കള്‍ ഗ്രൂപ്പിസത്തിന്‍റെ പിടിയിലാണെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് സംസ്ഥാന നേതൃത്വവും ഉത്തരവാദികളാണ്. കേന്ദ്രസര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാനോ ശക്തമായ പ്രചാരണം നടത്താനോ ബിജെപിക്ക് കഴിഞ്ഞില്ലെന്നും ആര്‍എസ്എസ് യോഗത്തില്‍ ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ അനാവശ്യ തര്‍ക്കങ്ങളും വീഴ്ചകളും തെരഞ്ഞെടുപ്പില്‍ കോട്ടമുണ്ടാക്കിയെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണം നേതാക്കളുടെ വിഭാഗീയതയാണെന്നും ആര്‍എസ്എസ് പറഞ്ഞു.

 

Comments (0)
Add Comment