ലഹരിമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിയുടെ ബന്ധം ; വെട്ടിലായി സി.പി.എം : സ്വർണ്ണക്കടത്തിലെ ബന്ധവും അന്വേഷണസംഘം പരിശോധിക്കും

 

ലഹരിമരുന്ന് കേസിൽ ബംഗളുരുവിൽ പിടിയിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുമായുള്ള ബന്ധം മറ നീക്കി പുറത്തുവരുമ്പോൾ സ്വർണ്ണക്കടത്ത് കേസിലും ഇവരുടെ ബന്ധത്തെ കുറിച്ച് അന്വേഷണ സംഘങ്ങൾ സംശയിക്കുന്നതായി സൂചന. അനൂപിന്‍റെ ബിസിനസ് പങ്കാളിയുമായുള്ള സ്വപ്നയുടെ ബന്ധത്തെ കുറിച്ച് അന്വേഷണ സംഘങ്ങൾ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചതായാണ് വിവരം. അതേ സമയം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ബംഗളുരുവിൽ ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കി നൽകിയതും അനൂപാണെന്ന് സംശയം ഉയർന്നിട്ടുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ സി.പി.എം നേതൃത്വം വെട്ടിലായി വട്ടം കറങ്ങുമ്പോഴാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിക്കെതിരെയുള്ള പുതിയ ആരോപണം തെളിവുകൾ സഹിതം പുറത്ത് വന്നിരിക്കുന്നത്. ലഹരിമരുന്ന് കേസിൽ ബംഗളുരുവിൽ പിടിയിലായ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മിലുള്ള സൗഹൃദം ബിനീഷ് കോടിയേരി തന്നെ സമ്മതിക്കുമ്പോൾ ഇവർ തമ്മിൽ നടന്ന അവിഹിത ഇടപാടുകളുടെ കണക്കുകളാണ് ഇനി പുറത്തുവരാനുള്ളത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായി മുഹമ്മദ് അനൂപിന്‍റെ ബിസിനസ് പങ്കാളിയുടെ ബന്ധത്തെ കുറിച്ച് അന്വേഷണ സംഘങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് ബംഗളുരുവിൽ ഒളിവിൽ കഴിയാൻ അനൂപ് ഉൾപ്പെടെയുള്ളവർ ഏതെങ്കിലും തരത്തിൽ സഹായം ചെയ്ത് നൽകിയിട്ടുണ്ടോ എന്ന സംശയം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിന്‍റെ തുടക്കത്തിൽ ബിനീഷ് കോടിയേരിക്കെതിരെ ആരോപണം ഉയർന്നിരുന്നുവെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ അനൂപ് മുഹമ്മദിന്‍റെ ബിസിനസ് പങ്കാളിയുടെ സ്വപ്നയുമായുള്ള ബന്ധം മറനീക്കി പുറത്തുവരുമ്പോൾ ബിനീഷ് കോടിയേരി വീണ്ടും സ്ക്രീനിലേക്ക് എത്തുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് ഒളിവിൽ കഴിയാൻ സഹായംനൽകിയവരെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുമ്പോൾ അത് അനൂപിലേക്ക് നീങ്ങുമെന്നാണ് സൂചന.

അനൂപിനെ അന്വേഷണം സംഘം ചോദ്യം ചെയ്യുന്നതിലൂടെ ബിനീഷ് കോടിയേരിയുടെ ബന്ധം മറ നീക്കി പുറത്ത് വരുമ്പോൾ സി.പി.എമ്മിനെ കാത്തിരിക്കുന്നത് പ്രതിസന്ധികളുടെ നാളുകളാണ്. ഇനിയും ഒരു പ്രഹരം താങ്ങാൻ ശേഷിയില്ലാതെ കൈകാലിട്ടടിക്കുന്ന സി.പി.എം വീണുകിട്ടിയ വെഞ്ഞാറമൂട് കൊലപാതകത്തിൽ പിടിച്ച് കയറാൻ ശ്രമിക്കുമ്പോഴാണ് ബിനീഷ് കോടിയേരിയിലൂടെ പാർട്ടി വീണ്ടും ആടിയുലയുന്നത്. മകനെതിരായ വിവാദത്തിൽ കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറിയതും പാർട്ടിക്കകത്തും പൊതു സമൂഹത്തിലും ചർച്ചയായിട്ടുണ്ട്. നിരന്തരം പാർട്ടിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സെക്രട്ടറിയുടെ മക്കൾ ഇപ്പോൾ സി.പി.എമ്മിന് ബാധ്യതയായി മാറുന്ന സാഹചര്യമാണ് രാഷ്ട്രീയ കേരളം കാണുന്നത്.

Comments (0)
Add Comment