അന്തരിച്ച ജയ്ഹിന്ദ് ടിവി സീനിയർ ക്യാമറാമാൻ ബിനു ഉള്ളൂരിന്റെ (ബിനുകുമാർ എം) ഭൗതികദേഹം സംസ്കരിച്ചു. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. ഭൗതികദേഹം തിരുവനന്തുരം പ്രസ്ക്ലബിലും കിഴക്കേകോട്ടയിലെ ജയ്ഹിന്ദ് ടിവി കോർപറേറ്റ് ഓഫീസിലും പൊതുദർശനത്തിന് വെച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി, ജയ്ഹിന്ദ് ടി.വി എം.ഡി എം.എം.ഹസൻ, ജോയിന്റ് എം.ഡി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
രാവിലെ 8 മണിയോട് കൂടി തിരുവനന്തപുരം മരപ്പാലം മുട്ടട റോഡിലുള്ള ചൈതന്യ ഗാർഡൻസിലെ ശ്രീവത്സം വീട്ടിൽ നടന്ന മരണാനന്തര ചടങ്ങുകൾക്ക് ശേഷം വിലാപയാത്രയോടെ ബിനു ഉളളൂരിന്റെ ഭൗതികശരീരം പ്രസ് ക്ലബ്ബിൽ എത്തിച്ചു. മാധ്യമരംഗത്ത് നിന്നുള്ളവരും സുഹൃത്തുക്കളും രാഷ്ട്രീയ രംഗത്ത് നിന്നുള്ളവരും
അന്തിമോപചാരമർപ്പിക്കാനായി എത്തി.
ശേഷം 9.30ന് ഈസ്റ്റ് ഫോർട്ടിലുള്ള ജയ്ഹിന്ദ് ടി.വി കോർപറേറ്റ് ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. സഹപ്രവർത്തകർക്ക് പുറമെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിക്കാനെത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, എം.എം ഹസൻ, രാജ്മോഹൻ ഉണ്ണിത്താൻ, സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, തുടങ്ങിയ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന് വിലാപയാത്രയോടെ തൈക്കാട് ശാന്തികവാടത്തിലേക്ക്. 10.30 ന് ഭൗതിക ശരീരം തീനാളങ്ങൾ ഏറ്റുവാങ്ങി.
കാലമെത്ര കഴിഞ്ഞാലും ഞങ്ങളുടെ ഓർമ്മകളിൽ എന്നുമുണ്ടാകും ബിനു ഉള്ളൂരെന്ന ക്യാമറാമാനും സ്നേഹം നിറഞ്ഞ സഹപ്രവര്‍ത്തകനും.
പ്രിയപ്പെട്ട സഹപ്രവർത്തക വിട……