ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി

 

ഗാന്ധിനഗർ : ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി. ഗാട്ട്ലോഡിയയില്‍ നിന്നുള്ള എംഎല്‍എയാണ് പട്ടേല്‍. നിയമസഭാകക്ഷിയോഗമാണ് തീരുമാനമെടുത്തത്. യുപി ഗവർണർ ആനന്ദി ബെന്‍ പട്ടേലിന്‍റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേല്‍.  യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 13ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ യോഗം ചേർന്നത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി. എന്നാല്‍ രൂപാണിയുടെ രാജിക്ക് ഇടയാക്കിയ കാരണമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഉള്‍പ്പെടെയുള്ളവർ മുഖ്യമന്ത്രി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതായാണ് വാർത്തകള്‍ വന്നിരുന്നത്.   അദ്ദേഹത്തെ കൂടാതെ നിതിന്‍ പട്ടേല്‍, ഗോര്‍ദന്‍ സദാഫിയ, സംസ്ഥാന അധ്യക്ഷൻ സി.ആര്‍ പാട്ടീല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളും ഉയർന്നുകേട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മില്‍ വിഷയത്തില്‍ ശക്തമായ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഷായുടെ താത്പര്യത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്നത്.

 

Comments (0)
Add Comment