പൗരാവകാശപ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ തുടരാന്‍ സുപ്രീം കോടതി ഉത്തരവ്

Jaihind Webdesk
Friday, September 28, 2018

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് പ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. പൂനെ പോലീസിന് കേസില്‍ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനല്ല അറസ്റ്റെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കുറ്റാരോപിതര്‍ക്ക് ഏതുതരത്തിലുള്ള അന്വേഷണം വേണമെന്നത് സംബന്ധിച്ച് തീരുമാനിക്കാനാവില്ലെന്നും വ്യക്തമാക്കി. പൌരാവകാശപ്രവര്‍ത്തകര്‍ 4 ആഴ്ച കൂടി വീട്ടുതടങ്കലിൽ തുടരണമെന്നും കോടതി വിധിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. മൂന്നംഗ ബെഞ്ചില്‍ രണ്ട് പേര്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അന്വേഷണം വേണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

ഭീമ കൊരേഗാവ് കലാപം ആസൂത്രണം ചെയ്തെന്നും പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതി തയാറാക്കിയെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 28നാണ് മഹാരാഷ്ട്ര പോലീസ് ഇവരെ അറസ്റ്റ് ചെയ്തതത്. റോമില ഥാപര്‍, പ്രശാന്ത് ഭൂഷണ്‍, പ്രഭാത് പട്നായിക് എന്നിവര്‍ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.