യാത്രയെ നെഞ്ചേറ്റി എറണാകുളം: ആവേശോജ്വല വരവേല്‍പ്പ്; ഭാരത് ജോഡോ യാത്ര 14-ാം ദിവസം

Jaihind Webdesk
Wednesday, September 21, 2022

 

എറണാകുളം/ഇടപ്പള്ളി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ ഒന്നാം ദിവസത്തെ പര്യടനത്തിന്‍റെ ആദ്യ പാദം കുമ്പളത്ത് നിന്നും ആരംഭിച്ച് ഇടപ്പള്ളിയിൽ സമാപിച്ചു. ആയിരങ്ങളാണ് ഇന്ന് രാവിലെ പദയാത്രയിൽ അണിചേർന്നത്. ഭാരത് ജോഡോ യാത്ര ഇന്ന് പതിനാലാം ദിനത്തിലേക്ക് കടന്നു.

ഉദയസൂര്യന്‍റെ ഹൃദയാഭിവാദ്യം സ്വീകരിച്ച് പെരിയാറും അറബിക്കടലും സംഗമിക്കുന്ന കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം ജില്ല രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ഇരു കൈകളും നീട്ടി എതിരേറ്റു. കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലെ പര്യടനം പൂർത്തിയാക്കിയാണ് യാത്ര എറണാകുളത്തേക്ക് കടന്നത്. കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം ഇന്ത്യൻ രാഷ്ട്രീയത്തിലെ വെട്ടിതിളങ്ങുന്ന നക്ഷത്രം രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ത്രിവർണ്ണ പതാക കൈയിലേന്തി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

പ്രവർത്തകരുടെ ആവേശം അണപൊട്ടി ഒഴുകിയപ്പോൾ അന്തരീക്ഷം മുദ്രാവാക്യം വിളികളാൽ മുഖരിതമായി. അറബിക്കടലിന്‍റെ റാണിയെന്നറിയപ്പെടുന്ന കൊച്ചി നഗരം അക്ഷരാർത്ഥത്തിൽ മാറ്റൊരു ത്രിവർണ്ണ സാഗരമായി മാറി. റോഡുകളെല്ലാം ത്രിവർണ്ണ പതാകകൾ കൊണ്ടും ഇന്ത്യൻ ജനാധിപത്യത്തിന്‍റെ രാജകുമാരൻ രാഹുൽ ഗാന്ധിയുടെ ബഹുവർണ്ണ ചിത്രങ്ങളുള്ള ബോർഡുകളും കൊണ്ട് നിറഞ്ഞിരുന്നു. വൈകിട്ടോടെ പുനരാരംഭിക്കുന്ന യാത്ര രാത്രി 7 മണിയോടെ ആലുവ തോട്ടക്കാട്ടുകര ജംഗ്ഷനില്‍ സമാപിക്കും. ആലുവ മണപ്പുറത്താണ് രാത്രി വിശ്രമം.

എറണാകുളത്തെ ജനങ്ങൾ യാത്രയെ ഹൃദയത്തിലേറ്റി എന്നതിന്‍റെ തെളിവാണ് തിങ്ങിനിറഞ്ഞ ജനക്കൂട്ടമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള യുവ നേതാവ് സച്ചിൻ പൈലറ്റ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ യാത്രയിൽ പങ്കാളികളായി.