ഐക്യസന്ദേശവുമായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറത്തിന്‍റെ മണ്ണില്‍; ആദ്യ പാദം പൂപ്പലത്ത് സമാപിച്ചു

 

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ അവസാനപാദത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. രാവിലെ 6.30ന് പുലാമന്തോൾ പാലത്തിലൂടെ മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ച യാത്രയെ ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ്, എ.പി അനിൽകുമാർ, ആലിപ്പറ്റ ജമീല തുടങ്ങിയവർ ചേർന്ന് യാത്രയെ ജില്ലയിലേക്ക് വരവേറ്റു. കോൽക്കളി ഉൾപ്പടെയുള്ള കലാരൂപങ്ങൾ സ്വീകരണത്തിന് മിഴിവേകി. പുലാമന്തോളിൽ നിന്നും കടുപ്പാറ, ചെറുകര വഴി കുന്നപ്പള്ളിയിലെത്തി. അഭൂതപൂർവമായ ജനസഞ്ചയമാണ് രാഹുല്‍ ഗാന്ധിയെ കാണാനും യാത്രയെ സ്വീകരിക്കാനുമായി എത്തിച്ചേർന്നത്.

പുലാമന്തോളില്‍ നിന്ന് ആരംഭിച്ച യാത്ര പൂപ്പലത്ത് എത്തിച്ചേർന്നതോടെ ആദ്യ ഘട്ടം പൂർത്തിയായി. എംഎസ്ടിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിശ്രമത്തിനുശേഷം വൈകിട്ട് 4ന് പട്ടിക്കാട് നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 7 ന് പാണ്ടിക്കാട്ട് സമാപിക്കും. തച്ചിങ്ങനാടം ഹൈ സ്കൂളിലാണ് വിശ്രമം. രാഹുൽ ഗാന്ധിയും , പ്രധാന നേതാക്കളും പ്രഭാത ഭക്ഷണം പതിവുപോലെ വഴിമധ്യേയുള്ള കുന്നപ്പള്ളിയിലെ ഹോട്ടലിൽ നിന്നും കഴിച്ചു.

ഭാരത് ജോഡോ പദയാത്ര മൂന്ന് ദിവസമാണ് മലപ്പുറം ജില്ലയിൽ പ്രയാണം നടത്തുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാകും. വയനാട് എംപികൂടിയായ രാഹുൽ ​ഗാന്ധി അദ്ദേഹത്തിന്‍റെ നിയോജകമണ്ഡലത്തിലൂടെയാണ് ജാഥ നയിച്ചു പോകുന്നതെന്ന പ്രത്യേകത കൂടി മലപ്പുറത്തെ ഭാരത് ജോഡോ യാത്രയ്ക്കുണ്ട്. യാത്രയുടെ സംസ്ഥാന കോർഡിനേറ്റർ യുഡിഎഫ് കൺവീനർ എം.എം ഹസൻ, കെ മുരളീധരൻ എംപി, വി.എസ് ജോയി തുടങ്ങിയ നേതാക്കൾ രാവിലെ മുതൽ യാത്രയെ അനു​ഗമിക്കുന്നുണ്ട്. യാത്രയ്ക്ക് ഓരോ ദിവസം പിന്നിടുമ്പോഴും ജനങ്ങളുടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും യാത്ര വൻ വിജയമാണെന്നും യാത്രാംഗം കൂടിയായ യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.

സെപ്റ്റംബർ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ പദയാത്ര 21 ദിവസം പൂർത്തിയായപ്പോള്‍ 450 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. കേരളത്തിലെ യാത്ര 17 ദിവസം പൂർത്തിയാക്കി. ഇതിനിടെ രണ്ട് ദിവസം മാത്രമാണ് യാത്രയ്ക്ക് വിശ്രമദിനം ഉണ്ടായത്. കേരളത്തിൽ മാത്രം ഏഴു ജില്ലകളിലായി ആകെ 420 കിലോമീറ്റർ ദൂരം രാഹുല്‍ ഗാന്ധിയും സംഘവും നടക്കും. വ്യാഴാഴ്ച രാത്രിയോടെ ​ഗൂഡല്ലൂർ വഴി യാത്ര കർണാടകത്തിലേക്ക് പ്രവേശിക്കും. പിന്നിട്ട വഴികളിലെല്ലാം ജനഹൃദയങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും പരിഹാരത്തിന് വഴിയൊരുക്കിയുമാണ് രാഹുല്‍ ഗാന്ധിയും സംഘവും ഐക്യസന്ദേശ യാത്ര തുടരുന്നത്. 3500 കിലോമീറ്ററുകളിലേറെ ദൂരം താണ്ടി കശ്മീരിലാണ് യാത്ര അവസാനിക്കുന്നത്.

Comments (0)
Add Comment