ഭാരത് ജോഡോ യാത്ര വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയത്തിനെതിരെ: രാഹുല്‍ ഗാന്ധി

 

എറണാകുളം: രാജ്യത്ത് കോൺഗ്രസിന്‍റെ പോരാട്ടം, പണം കൊണ്ടും സ്വാധീനം കൊണ്ടും എന്തും നേടാൻ കഴിയുന്നവരോടാണെന്ന് രാഹുൽ ഗാന്ധി. ജനങ്ങളുമായുള്ള തന്‍റെ സംവാദം നേരിട്ടാണെന്നും മാധ്യമങ്ങളിലൂടെയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയത്തിനെതിരെയാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളും ഭാരത് ജോഡോ യാത്രയെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്‍റെ ഒരു അതിർത്തിയിൽ നിന്ന് മറ്റൊരു അതിർത്തിയിലേക്കാണ് യാത്ര. എല്ലാ സംസ്ഥാനങ്ങളിലും എത്താൻ കഴിയില്ലെന്നും യു.പിയിലെ രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടി കൃത്യമായ പദ്ധതിയുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ സംഘപരിപാറിനെതിരെ ഒരുമിച്ച് പോരാടും. മത്സരിക്കാൻ അവകാശമുള്ള ആർക്കും എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകൾ കേരളത്തിൽ യാത്രയ്ക്കൊപ്പം നടന്നു. കോടിക്കണക്കിന് ആളുകൾ യാത്രയിൽ പങ്കാളികളാകും എന്നാണ് പ്രതീക്ഷ. കേരളത്തിൽ ജോഡോ യാത്രയിൽ പങ്കാളികളാവുന്നവർ സംസ്ഥാന സർക്കാറിനെ വിലയിരുത്തുന്നുണ്ടെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഒരു പാട് ഇടതുപക്ഷ അനുഭാവികൾ കേരളത്തിലെ യാത്രക്കിടെ തനിക്ക് ഹസ്തദാനം ചെയ്യുന്നുണ്ട്. അവർക്ക് തന്‍റെ ലക്ഷ്യം മനസിലാകുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Comments (0)
Add Comment