കേരളം ചുട്ടുപൊള്ളുന്നു. ഓരോദിവസവും കഴിയുന്തോറും ചൂട് കൂടുകയാണ്. കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചിരുന്നു. വരുന്ന രണ്ടുദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ശരാശരിയിൽ നിന്ന് രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലാണ് മൂന്നുപേർ സൂര്യാഘാതമേററ്റ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലത്ത് നാലുപേർക്കും പത്തനംതിട്ടയിൽ മൂന്നുപേർക്കും ആലപ്പുഴ, മലപ്പുറം കാസർഗോഡ് എന്നിവിടങ്ങളിൽ ഒരോരുത്തർക്കും സൂര്യതാപമേറ്റു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 111 പേർക്ക് സൂര്യതാപമേറ്റെന്നാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്. വരുംദിവസങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജാഗ്രതപാലിക്കാനും ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശം നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,കണ്ണൂർ എന്നീ ജില്ലകളിൽ അടുത്ത രണ്ടുദിവസം ചൂട് വർധിക്കാൻസാധ്യതയുണ്ട്. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണം. നിർജലീകരണം തടയാൻ ആവശ്യത്തിന് വെള്ളം കുടിക്കുക. രോഗമുള്ളവരും നാലുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളും രാവിലെ 11 മുതൽ മൂന്നുവരെ സൂര്യപ്രകാശം എൽക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കാനും ശ്രദ്ധിക്കണം.