മദ്യശാലകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം; മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍ കത്ത് നല്‍കി

സംസ്ഥാനത്തെ മദ്യശാലകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള തെറ്റായ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ലോക്ഡൗണിനെത്തുടര്‍ന്ന് മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചൂപൂട്ടിയതിന്‍റെ ഗുണഫലങ്ങള്‍ കേരളം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. മദ്യാസക്തിയില്‍പ്പെട്ട് കായികവും മാനസികവുമായ ആരോഗ്യവും പ്രതിരോധശക്തിയും നശിപ്പിച്ചുകൊണ്ട് മദ്യം ഉപയോഗിച്ചിരുന്നവരെല്ലാം തന്നെ ആ വിപത്തില്‍നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കുന്നിന് സംസ്ഥാനത്തെ പ്രാപ്തമാക്കിയതില്‍ മദ്യശാലകള്‍ അടഞ്ഞുകിടന്നത് നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

വി.എം സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
കോവിഡിന്റെ വന്‍ഭീഷണി നിലനില്‍ക്കുന്ന ആശങ്കാജനകമായ ഈ സാഹചര്യത്തില്‍പ്പോലും മദ്യശാലകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള തെറ്റായ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നഭ്യര്‍ത്ഥിക്കുന്നു.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചൂപൂട്ടിയതിന്റെ ഗുണഫലങ്ങള്‍ കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മദ്യാസക്തിയില്‍പ്പെട്ട് കായികവും മാനസികവുമായ ആരോഗ്യവും പ്രതിരോധശക്തിയും നശിപ്പിച്ചുകൊണ്ട് മദ്യം ഉപയോഗിച്ചിരുന്നവരെല്ലാംതന്നെ ആ വിപത്തില്‍നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്.

കോവിഡിനെ പ്രതിരോധിക്കുന്നിന് സംസ്ഥാനത്തെ പ്രാപ്തമാക്കിയതില്‍ മദ്യശാലകള്‍ അടഞ്ഞുകിടന്നത് നിര്‍ണ്ണായകമായിരുന്നു.

മദ്യഉപയോഗം നടത്തിയിരുന്നവരുടെ ശാരീരിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായെന്നുമാത്രമല്ല; ദുര്‍വ്യയം ഒഴിവാക്കി സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തെ അഭിമുഖീകരിക്കുന്നതിനും ഇതെല്ലാം സഹായകരമായി. തന്നെയുമല്ല കുടുംബഭദ്രതയും സമാധാനവും മെച്ചപ്പെട്ടതും ശ്രദ്ധേയമാണ്. സമൂഹത്തില്‍ പൊതുവെ കുറ്റകൃത്യങ്ങളില്‍വന്ന കുറവും എടുത്തുപറയേണ്ടതായിട്ടുണ്ട്. സംസ്ഥാന പോലീസിന്റെകീഴിലുള്ള സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോയെ ഉദ്ധരിച്ചുകൊണ്ടുള്ള പഠനറിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ.

ഇത്രയേറെ നല്ലഫലങ്ങള്‍ ഉണ്ടാക്കിയിട്ടും അതെല്ലാം കണ്ടില്ലെന്നുനടിച്ച് വീണ്ടും കുടുംബങ്ങളെ കണ്ണീരുകുടിപ്പിക്കുന്ന പഴയനിലയിലേയ്ക്ക് കൊണ്ടുപോകുന്നതിന് എന്തിനാണിത്രവ്യഗ്രത സര്‍ക്കാര്‍ കാണിക്കുന്നത്?

യഥാര്‍ത്ഥത്തില്‍ മദ്യവിപത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍കഴിയുന്ന നിലയില്‍ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ അലകും പിടിയും മാറ്റുകയാണ് വേണ്ടത്. മദ്യനയം കാലോചിതമായി പൊളിച്ചെഴുതണം. അതുവഴി ഇന്നുകൈവന്ന നല്ലഅന്തരീക്ഷം നിലനിര്‍ത്താനാകണം. അതിനെല്ലാംവേണ്ട ജനക്ഷേമനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.

അതല്ലാതെ മദ്യശാലകള്‍ തുറന്ന് കേരളത്തെ വീണ്ടും മദ്യവിപത്തിന്റെ പിടിയിലേയ്ക്ക് എത്തിക്കുന്നതരത്തിലുള്ള ജനദ്രോഹനടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന.

സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
പകര്‍പ്പ് :
ശ്രീ. ഇ. ചന്ദ്രശേഖരന്‍, ബഹു.റവന്യൂവകുപ്പു മന്ത്രി
ശ്രീമതി. കെ.കെ. ഷൈലജടീച്ചര്‍, ബഹു.ആരോഗ്യവകുപ്പു മന്ത്രി
ശ്രീ. ടി.പി. രാമകൃഷ്ണന്‍, ബഹു.എക്‌സൈസ് വകുപ്പുമന്ത്രി
ശ്രീ. എ.കെ.ബാലന്‍, ബഹു. നിയമവകുപ്പ് മന്ത്രി
ശ്രീ. രമേശ് ചെന്നിത്തല ബഹു.പ്രതിപക്ഷനേതാവ്‌

 

Comments (0)
Add Comment