കിറ്റെക്സ് കമ്പനിയുടെ തൊഴിലാളി ചൂഷണം; ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബെന്നി ബെഹനാൻ എം.പി

 

എറണാകുളം കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികളെ മാനേജ്മെന്‍റ് ചൂഷണം ചെയ്യുകയാണെന്ന് ബെന്നി ബെഹനാൻ എംപി. കമ്പനി മാനേജ്മെന്‍റിന്‍റെ ചൂഷണത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബെന്നി ബെഹനാൻ എംപി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ മാനേജ്മെന്‍റിന്‍റെ ചൂഷണത്തിന് വിധേയമാവുകയാണെന്നും, ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം സ്ത്രീ തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതെന്നും തൊഴിലാളികളെ താമസിപ്പിച്ച ക്യാമ്പ് സന്ദർശിച്ച ശേഷം ബെന്നി ബെഹന്നാൻ എംപി പറഞ്ഞു. കഴിഞ്ഞ ആറുമാസത്തെ ശമ്പളം കമ്പനി മാനേജ്മെന്‍റ് നൽകിയില്ലെന്നും തൊഴിലാളികളെ ഭക്ഷണവും വെള്ളവും നൽകാതെ കിറ്റെക്സ് അധികൃതർ പീഡിപ്പിക്കുകയാണെന്നും തൊഴിലാളികൾ തന്നോട് പരാതി പറഞ്ഞതായും ഈ വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തൊഴിലാളികളെ കമ്പനി ഗുണ്ടകൾ മർദ്ധിക്കുകയാണെന്നും പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് നിയമ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടികൾ സ്വീകരിക്കുന്ന കിറ്റെക്സിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ബെന്നി ബെഹന്നാൻ അറിയിച്ചു. കമ്പനി മാനേജ്മെന്‍റിന്‍റെ പീഡനത്തിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Benny Behanan MP
Comments (0)
Add Comment