Beef Ban| കനറാ ബാങ്ക് കൊച്ചി ശാഖയില്‍ ബീഫ് നിരോധനം; പൊറോട്ടയും ബീഫും വിളമ്പി ജീവനക്കാരുടെ പ്രതിഷേധം .

Jaihind News Bureau
Saturday, August 30, 2025

കാനറ ബാങ്ക് കൊച്ചി റീജിയണല്‍ ഓഫീസില്‍ വിചിത്രമായ ഉത്തരവുമായി പുതിയ റീജിയണല്‍ മാനേജര്‍. ബാങ്കിന്റെ കാന്റീനില്‍ ബീഫ് വിളമ്പാന്‍ പാടില്ലെന്ന് ബിഹാര്‍ സ്വദേശിയായ മാനേജറാണ് ഉത്തരവിട്ടത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കഴിഞ്ഞദിവസം ബാങ്കിന് മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു.

”ഇവിടെ ഒരു ചെറിയ കാന്റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്, തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളില്‍ ബീഫ് വിളമ്പാറുമുണ്ട്. ബീഫ് വിളമ്പുന്നത് നിര്‍ത്തണമെന്ന് പുതിയ റീജിയണല്‍ മാനേജര്‍ കാന്റീന്‍ ജീവനക്കാരോട് അറിയിക്കുകയായിരുന്നു. ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ എങ്ങനെയാണിത് സാധിക്കുക ? ഭക്ഷണം ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഇന്ത്യയില്‍, ഓരോ വ്യക്തിക്കും അവരുടെ ഭക്ഷണം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. ഞങ്ങള്‍ ആരെയും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. അതുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീവനക്കാരിലൊരാള്‍ പറഞ്ഞു.

ആദ്യം മാനേജരുടെ നിലപാടില്‍ ജീവനക്കാര്‍ ഓഫീസിന് പുറത്ത് പൊറോട്ടയും ബീഫും വിളമ്പി പ്രതിഷേധിക്കുകയായിരുന്നു.