‘നിവിൻ തനിക്കൊപ്പം ഷൂട്ടിംഗിലായിരുന്നു’; പീഡനാരോപണം വ്യാജം, തെളിവ് നിരത്തി വിനീത് ശ്രീനിവാസൻ

 

എറണാകുളം: നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പരാതിയിൽ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നെന്നും  ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.  യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം ന്യൂക്ലിയസ് മാളില്‍ വെച്ച് വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്‍റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നൽകിയ പരാതി. എറണാകുളം ഊന്നുകൽ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‍കേസിൽ ആറാം പ്രതിയാണ് നിവിൻ. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി.

ബലാൽസംഗം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പോലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കും എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്‍റെ രേഖകളും വിശദാശംങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം. ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.

കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിന്‍ ചര്‍ച്ച നടത്തി. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നുമായിരുന്നു നിവിൻ പ്രതികരിച്ചത്. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടൻ അറിയിച്ചിരുന്നു. പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എ.കെ.സുനിലും വ്യക്തമാക്കി.

 

 

Comments (0)
Add Comment