കൊച്ചി: യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
സഭയിലെ സ്വര്‍ണ നാവുകാരന്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സഭാ അധ്യക്ഷന്‍ ആണ്. കാലങ്ങളായി തുടരുന്ന യാക്കോബായ ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കങ്ങളില്‍ എല്ലാം തന്നെ സഭയെ മുന്നോട്ട് നയിച്ച അമരക്കാരനുമായിരുന്നു അദ്ദേഹം.
യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടതും ബാവയാണ്.
1929 ജൂലൈ 22 ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ എട്ട് മക്കളില്‍ ആറാമനായാണ് ജനനം. 1958 ഒക്ടോബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ല്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി.
അദ്ദേഹം പതിമൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തു. എല്ലാവിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രേഷ്ഠബാവയ്ക്ക് രാഷ്ട്രീയരംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.