കൊച്ചി : ബാർ കോഴ കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുവാറ്റുപുഴ കോടതിയിലാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഒക്ടോബർ 30 ന് കേസിൽ കോടതി വിധി പറയും.
മുൻ മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം പൂർത്തിയായി. അന്തിമ റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കെ ബാബു എക്സൈസ് മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടുള്ള മുഴgവൻ നടപടികളും പരിശോധിക്കണം എന്ന പരാതിയിലാണ് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ബാർ ലൈസൻസുകള്‍ നൽകുന്നതിലും, ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും, മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രിയൽസ് അസോസിയേഷനാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.
100 കോടി രൂപയുടെ അഴിമതി നടന്നു എന്നാരോപിച്ച് പിണറായി സർക്കാർ അധികാരത്തിലെത്തിയ ഉടൻ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. 2016 ജൂണിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് എറണാകുളം റെയ്‍ഞ്ചാണ് അന്വേഷണം നടത്തിയത്. ഇതു കൂടാതെ ബാർ ലൈസൻസ് നൽകുന്നതിൽ കെ ബാബു അഴിമതി കാണിച്ചുവെന്ന ആരോപണത്തിൽ രണ്ടാമതൊരു വിജിലൻസ് അന്വേഷണവും നടന്നു. എറണാകുളം റെയ്ഞ്ച് എസ്.പി നിശാന്തിനി നടത്തിയ അന്വേഷണത്തിൽ കെ ബാബുവിനെ കുറ്റവിമുക്തനാക്കി. അഴിമതി നടത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണ്. വിജിലൻസ് റിപ്പോർട്ടിന്മേൽ കോടതി ഒക്ടോബർ 30 ന് വിധി പറയും. ഇതോടെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മറ്റൊരു ആരോപണം കൂടി കളവാണെന്ന് തെളിഞ്ഞിരിക്കുകയാണ്.