കൊച്ചി: മൂവാറ്റുപുഴ പായിപ്രയില്‍ കുട്ടികള്‍ മാത്രമുള്ള വീട് ജപ്തി ചെയ്ത് അര്‍ബന്‍ ബാങ്ക്. കുട്ടികളുടെ രക്ഷിതാക്കള്‍ ആശുപത്രിയിലായിരിക്കെയാണ് ബാങ്കിന്‍റെ ക്രൂരമായ നടപടി. വിവരം അറിഞ്ഞെത്തിയ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തുകയറ്റി.
പായിപ്ര സ്വദേശി അജേഷിന്‍റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ മാതാവ് ആശുപത്രിയില്‍ കൂട്ടിരിക്കുകയായിരുന്നു. ദളിത് കുടുംബത്തിന്‍റേത് ദയനീയമായ സാഹചര്യം ആയിരുന്നിട്ടും കുട്ടികളെ നിര്‍ദാക്ഷിണ്യം ഇറക്കിവിട്ട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് വീട് ജപ്തി ചെയ്യുകയായിരുന്നു. നാട്ടുകാരുടെ അഭ്യര്‍ത്ഥനയും ബാങ്ക് അധികൃതര്‍ മാനിച്ചില്ല.
വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ബാങ്ക് അധികൃതരെ വിളിച്ച് കുട്ടികള്‍ക്ക് വീട് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഏറെ നേരം കാത്തിട്ടും ആരും എത്തിയില്ല. തുടര്‍ന്ന് ജപ്തി ചെയ്ത വീടിന്‍റെ പൂട്ട് പൊളിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ കുട്ടികളെ അകത്തു കയറ്റുകയായിരുന്നു. എന്ത് നടപടികളുടെ പേരിലായാലും ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. ഒന്നര ലക്ഷം രൂപയോളമാണ് കുടുംബത്തിന് കുടിശികയായുണ്ടായിരുന്നത്. തുക അടയ്ക്കാന്‍ ഇവര്‍ക്ക് സാവകാശം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വർക്കി,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി വിനയൻ, വാർഡ് മെമ്പർമാരായ നജിഷാനവാസ്, ഷാഫി മുതിരക്കാലായിൽ, മുൻ പഞ്ചായത്തംഗങ്ങളായ കെ കെ ഉമ്മർ, പി.എ കബീർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും മാത്യു കുഴൽനാടനൊപ്പം സ്ഥലത്തെത്തിയിരുന്നു.