ബാൾട്ടിമോർ: യുഎസിലെ ബാള്‍ട്ടിമോറില്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിലിടിച്ച ചരക്കുകപ്പലില്‍ ഉള്ളവരെല്ലാം ഇന്ത്യക്കാരെന്ന് കപ്പൽ കമ്പനി. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നാണ് ഇപ്പോൾ കപ്പൽ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തില്‍പ്പെട്ടത് യാത്ര തുടങ്ങി അരമണിക്കൂറിനുള്ളില്‍. ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്‍റെ തൂണിലേക്കു കപ്പല്‍ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ പാലം പൂര്‍ണമായും തകര്‍ന്നു നദിയിലേക്കു വീഴുകയായിരുന്നു.
സിംഗപ്പുര്‍ കമ്പനിയായ ഗ്രേസ് ഓഷ്യന്‍ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തില്‍പെട്ടത്. സിനര്‍ജി മറൈന്‍ ഗ്രൂപ്പിനാണ് കപ്പലിന്‍റെ മേല്‍നോട്ട ചുമതല. ശ്രീലങ്കയിലെ കൊളംബോയിലേക്കായിരുന്നു യാത്ര. 27 ദിവസം നീണ്ടുനില്‍ക്കേണ്ട യാത്രയാണ് പുറപ്പെട്ട് അരമണിക്കൂറിനുള്ളില്‍ വന്‍ ദുരന്തത്തില്‍ അവസാനിച്ചത്. അപകടസമയം ഷിപ്പിങ് ഭീമന്മാരായ മര്‍സ്‌കിന്‍റെ ചരക്കുകളാണു കപ്പലിലുണ്ടായിരുന്നത്.
അപകടസമയം രണ്ടു പൈലറ്റ് ഉള്‍പ്പെടെ 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്‍റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം പ്രസ് ഓഫിസര്‍ പാറ്റ് ആദംസണ്‍ ബ്രിട്ടിഷ് മാധ്യമമായ ബിബിസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാരില്‍ ഒരാളുടെ തലയ്ക്കു ചെറിയ പോറല്‍ ഉണ്ടായെന്നല്ലാതെ മറ്റു പരുക്കുകളൊന്നുമില്ല. കപ്പലില്‍ രണ്ടു പൈലറ്റുമാരുണ്ടായിട്ടും ഇത്തരമൊരു അപകടം ഉണ്ടായത് അസാധാരണമാണെന്നും ആദംസണ്‍ പറഞ്ഞു. അപകടകാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കപ്പല്‍ ട്രാക്കിങ് പ്ലാറ്റ്ഫോമായ മറൈന്‍ട്രാഫിക്കിലെ വീഡിയോകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്. പറ്റാപ്സ്‌കോ നദിയില്‍ തെക്ക് കിഴക്ക് ദിശയിലാണു കപ്പല്‍ സഞ്ചരിച്ചിരുന്നത്. അപകടത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടവെന്നതും അടക്കമുള്ള കൂടുതല്‍ വിവരങ്ങളും ഇനിയും പുറത്തുവന്നിട്ടില്ല.
ഇത് സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പുര്‍ പതാകയുള്ള ദാലി, സിനെര്‍ജി മറൈന്‍ ഗ്രൂപ്പിന്‍റെ കണ്ടെയ്‌നര്‍ കപ്പലായിരുന്നു അപകടത്തില്‍പ്പെട്ടത്. 1977ല്‍ നിര്‍മ്മിതമായ പാലമാണ് തകര്‍ന്നത്. എന്‍ജിന്‍ തകരാര്‍ അല്ലെങ്കില്‍ സ്റ്റിയറിങ് തകരാര്‍, ജനറേറ്ററിലുണ്ടായ തകരാര്‍, പൈലറ്റിനുണ്ടായ പിഴവ് എന്നിവയിലൊന്നാകാം അപകടകാരണമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. പാലത്തില്‍ ഇടിക്കുന്നതിനു തൊട്ടുമുന്‍പ് സഞ്ചാരപാതയില്‍ മാറ്റം വന്നതു ദുരൂഹമാണ്. കപ്പല്‍ പുറപ്പെടുന്നതിനു മുന്‍പ് പരിശോധനകള്‍ നടത്തുമെന്നതിനാല്‍ തകരാറുകള്‍ ഉണ്ടായിരുന്നെങ്കില്‍ കണ്ടെത്താതിരുന്നതു ഗുരുതര വീഴ്ചയാണ്. കപ്പലിന്റെ വേഗം കുറവായിരുന്നെങ്കിലും വലുപ്പവും ചരക്കിന്റെ ഭാരവുമാണ് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്. അപകടത്തിനു തീവ്രവാദം ബന്ധമുള്ളതായി സൂചനയില്ലെന്നും മനഃപൂര്‍വം അപകടമുണ്ടാക്കിയതാണെന്നതിനു തെളിവില്ലെന്നും ബാള്‍ട്ടിമോര്‍ അഗ്‌നിരക്ഷാ സേന മേധാവി ജെയിംസ് വലാസ് അറിയിച്ചു.