യുവതീപ്രവേശത്തെ എതിർത്തവർക്ക് മിണ്ടാട്ടമില്ല: പ്രതിരോധത്തിലായത് ബാലകൃഷ്ണപിള്ളയും വെള്ളാപ്പള്ളിയും പത്മകുമാറും

B.S. Shiju
Wednesday, January 2, 2019

Sabarimala-BalakrishnaPillai-Vellappaly-Padmakumar

ഇടതുപക്ഷമുന്നണിക്കൊപ്പം ചേർന്ന് നിന്ന് യുവതീപ്രവേശത്തെ എതിർത്തവർ പ്രതിരോധത്തിൽ. പൊലീസ് സഹായത്തോടെ ശബരിമലയിൽ യുവതീപ്രവേശം സഫലമാക്കിയ സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും പിടിവാശിയിൽ തങ്ങളുടെ നിലപാട് അപ്രസക്തമായതോടെയാണ് കേരളകോൺഗ്രസ് നേതാവ് ആർ.ബാലകൃഷ്ണപിള്ള, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ എന്നിവർ പ്രതിരോധത്തിലായത്. ഇടതുപക്ഷത്തോടൊപ്പം നിന്ന് വനിതാമതിലലിൽ പങ്കെടുത്ത ഇവർ യുവതീപ്രവേശന വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.

നിലവിൽ മുന്നോക്ക കമ്മീഷൻ അധ്യക്ഷനായ ബാലകൃഷ്ണപിള്ള സർക്കാരിന്‍റെ വനിതാ മതിലിനെ അനൂകലിച്ചും എൻ.എസ്.എസിനെ എതിർത്തും രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്‍റെ കക്ഷിയായ കേരളകോൺഗ്രസ്(ബി)ക്ക് കഴിഞ്ഞ ആഴ്ച്ച ഇടതുമുന്നണി പ്രവേശനം ലഭിച്ചതോടെയാണ് സർക്കാരിനൊപ്പം നിലയുറപ്പിക്കാൻ ബാലകൃഷ്ണ പിള്ളയും മകൻ ഗണേഷ് കുമാറും തീരുമാനിച്ചത്. എന്നാൽ ശബരിമലയിൽ കുടുംബത്തിൽ പിറന്ന സ്ത്രീകൾ ആരും തന്നെ പോവില്ലെന്നായിരുന്ന പിള്ളയുടെ നിലപാട്. അവിടെ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരപ്രത്യേകതയെയും അദ്ദേഹം അനുകൂലിച്ചിരുന്നു. നിലവിൽ അവിടെ യുവതീപ്രവേശം സർക്കാരിന്‍റെയും പൊലീസിന്‍റെയും സഹായത്തോടെ നടന്നു കഴിഞ്ഞ സാഹചര്യത്തിൽ ബാലകൃഷ്ണപിള്ളയ്ക്ക് ഉത്തരംമുട്ടുന്ന അവസ്ഥയാണുള്ളത്.

വനിതാമതിലിന്റെ മുഖ്യസംഘാടകനായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യുവതീപ്രവേശത്തെ എതിർത്തിരുന്നു. തന്റെ സമുദായത്തിൽപ്പെട്ട വിശ്വാസികളായ സ്ത്രീകളാരും ശബരിമലയിൽ പോവില്ലെന്നും ആചാരലംഘനത്തെ താൻ അനുകൂലിക്കുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. നവോത്ഥാനപ്രക്രിയയുടെ ഭാഗമായി മാത്രമാണ് വനിതാമതിലിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ യുവതീപ്രവേശനവും മതിലിന്റെ വിഷയമാണെന്ന തരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പുറത്തുവന്നിട്ടും അദ്ദേഹം അതിനെതിരെ പ്രതികരിച്ചില്ല. സംഘപരിവാർ ഒരുക്കിയ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്ത എല്ലാവർക്കും വനിതാ മതിലിൽ പങ്കെടുക്കാമെന്ന വാദം മുന്നോട്ടുവെച്ച സി.പി.എമ്മും മുഖ്യമന്ത്രിയും യഥാർത്ഥത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയെയടക്കം രാഷ്ട്രീയമായി വഞ്ചിക്കുകയായിരുന്നുവെന്ന വാദമാണ് ഉയരുന്നത്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതോടെ ഏറെ പ്രതിരോധത്തിലായത് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാറാണ്. യുവതീപ്രവേശത്തെ ആദ്യഘട്ടത്തിൽ തന്നെ എതിർത്ത പത്മകുമാറിനെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. തന്റെ വീട്ടിൽ നിന്നും ഒരു സ്ത്രീയും ശബരിമലയ്ക്ക് പോവില്ലെന്ന പത്മകുമാറിന്റെ പ്രസ്താവന ഇടതുമുന്നണിയിലും സർക്കാരിലും ഏറെ ചർച്ചയായിരുന്നു.

ഇതേത്തുടർന്ന് പത്മകുമാറിനെതിരെ പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും വിമർശനമുയർന്നതോടെ വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പിന്നീട് നിലപാട് മയപ്പെടുത്തിയെങ്കിലും ഭക്തരല്ലാത്ത യുവതികൾക്ക് അവിടെ പ്രവേശിക്കാനാവില്ലെന്നായിരുന്നു പത്മകുമാറിന്‍റെ വാദം. എന്നാൽ അതിനെയും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. പിന്നീട് വനിതാ മതിലിനു ശേഷം ഇത്തരത്തിലൊരു നീക്കം സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിതിൽ എ.പത്മകുമാറും ഏറെ ദു:ഖിതനാണ്. വിഷയത്തിൽ എങ്ങനെ സി.പി.എമ്മിന്‍റെയും സർക്കാരിന്‍റെയും നിലപാടുകൾ ഭക്തർക്കും മാധ്യമങ്ങൾക്കും മുമ്പിൽ എങ്ങനെ വിശദീകരിക്കുമെന്ന കാര്യത്തിലും പത്മകുമാറിന് വ്യക്തതയില്ല.