മന്ത്രി സജി ചെറിയാന് തിരിച്ചടി ; വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Thursday, November 21, 2024


കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ല എന്ന് വിലയിരുത്തിയാണ് കോടതി ഇടപെടല്‍. സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണച്ചപ്പോഴാണ് കോടതി ഉത്തരവ്.

സജി ചെറിയാനെതിരെ നടന്ന അന്വേഷണം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുള്ള വാദങ്ങള്‍ കോടതി അംഗീകരിച്ചു. പ്രസംഗത്തിന്റെ സിഡി നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രസംഗത്തിന്റെ പൂര്‍ണരൂപം പെന്‍ഡ്രൈവിലാക്കി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. പ്രസംഗം കേട്ട ആളുകളുടെ മൊഴികളൊന്നും വേണ്ട രീതിയില്‍ രേഖപ്പെടുത്താതെ തിരക്കിട്ട് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു എന്ന് കോടതി വിലയിരുത്തി.

സജി ചെറിയാന്റെ പരാമര്‍ശം ഭരണഘടനയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്ന വാദം കോടതി തള്ളി. പരാമര്‍ശം ഭരണഘടനയെ മാനിക്കുന്നതല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ല. സാക്ഷിമൊഴികള്‍ പരിഗണിക്കാതെയാണ് മജിസ്ട്രേറ്റ് തീരുമാനമെടുത്തത്. വീഡിയോ ദൃശ്യങ്ങളില്‍ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.