കുൽ​ഗാമില്‍ കനത്ത മഞ്ഞുവീഴ്ച; പത്ത് പേരെ കാണാതായി

Friday, February 8, 2019

ജമ്മു കശ്മീരിലെ കുൽ​ഗാമില്‍ കനത്ത മ‍ഞ്ഞ് വീഴ്ച.  ആറ് പൊലീസുകാരുൾപ്പെടെ പത്ത് പേരെ കാണാതായതായി റിപ്പോർട്ട്.  ശ്രീന​ഗർ-ജമ്മുകശ്മീർ ദേശീയ പാതയിൽ ജവഹർ ടണലിന് സമീപത്തുണ്ടായ മഞ്ഞുവീഴ്ചയിലാണ് ഇവരെ കാണാതായത്. ആറ് പൊലീസുകാർ, രണ്ട്  അ​ഗ്നിശമന സേനാം​ഗങ്ങൾ, രണ്ട് പ്രദേശവാസികൾ എന്നിവരെയാണ് കാണാതായത്.

ജവഹര്‍ ടണലിലെ പൊലീസ് പോസ്റ്റിലേക്ക് മഞ്ഞിടിഞ്ഞ് വീഴുകയായിരുന്നു. ഇരുപത് പേരാണ് സ്ഥലത്തുണ്ടായിരുന്നത്.  പത്ത് പേർ രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. പ്രദേശത്ത് നിന്ന് 78 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിപ്പാർപ്പിച്ചു.

ജമ്മു കശ്മീരിലെ 22 ഓളം ജില്ലകളിൽ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത ഹിമപാതമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങൾ നല്‍കുന്ന വിവരം.

വിമാന​ സർവ്വീസ് നിര്‍ത്തിവച്ചു.  റോഡ് ​ഗതാ​ഗതവും തടസ്സപ്പെട്ടു.  പലയിടത്തും വൈദ്യുതിയും ഇല്ല.