സിയാച്ചിനില്‍ ഹിമപാതം ; നാല് സൈനികർ ഉള്‍പ്പെടെ 6 മരണം

Jaihind Webdesk
Monday, November 18, 2019

സിയാച്ചിനിലുണ്ടായ ഹിമപാതത്തില്‍ നാല് സൈനികരുള്‍പ്പെടെ ആറ് പേർ മരിച്ചു. ഹിമപാതത്തില്‍ സൈനിക പോസ്റ്റ് മഞ്ഞിനടിയിലാവുകയായിരുന്നു.  തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഹിമപാതമുണ്ടായത്.

ഹിമപാതം ഉണ്ടായപ്പോള്‍ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്നത് എട്ട് പേരടങ്ങുന്ന സംഘമാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. സിയാച്ചിന്‍ സെക്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് മഞ്ഞിനടിയില്‍ കുടുങ്ങിയത്. 6 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ നാല് പേര്‍ സൈനികരും രണ്ട് പേര്‍ പ്രദേശവാസികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്.

സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലാണ് സിയാച്ചിന്‍ സെക്ടർ. 2019 ഫെബ്രുവരിയില്‍ ഇവിടെയുണ്ടായ ഹിമപാതത്തില്‍ 10 സൈനികര്‍  മഞ്ഞിനടിയില്‍ കുടുങ്ങിയിരുന്നു. പ്രതികൂല കാലാവസ്ഥയിൽ ദിവസങ്ങളോളം നീണ്ട അതികഠിനമായ രക്ഷാപ്രവർത്തനമാണ് അന്ന് നടത്തിയത്. ആറ് ദിവസങ്ങള്‍ക്ക് ശേഷം ലാൻസ് നായിക് ഹനുമന്തപ്പയെ മഞ്ഞിനടിയില്‍ നിന്ന് ജീവനോടെ പുറത്തെടുത്തെങ്കിലും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം ആശുപത്രിയില്‍വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.