സിപിഎം അക്രമം : ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് എലത്തൂരിൽ സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ഗുരുതരാവസ്ഥയിൽ. ബിജെപി പ്രവർത്തകനായ രജീഷാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തു.

ഞായാറാഴ്ച വൈകീട്ടാണ് എലത്തൂരില്‍ വച്ച് രജീഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രജീഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രാളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ രജീഷിനെ ആദ്യം ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

രജീഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായ ഒ.കെ ശ്രീലേഷിന്‍റെ നേതൃത്വത്തിലുളള സംഘമാണ് ആക്രമിച്ചതെന്നും ഇവരില്‍ നിന്ന് നാളുകളായി ഭീഷണിയുണ്ടായിരുന്നെന്നും രജീഷിന്‍റെ ഭാര്യ രജീഷ പറയുന്നു. പൊലീസിന് നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും രജിഷ പറഞ്ഞു.

ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് ശ്രീലേഷ് അടക്കമുളളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളി നടത്തുന്നതായാണ് ആരോപണം. 45 ശതമാനത്തിലേറെ പൊളളലേറ്റ രജീഷിന്‍റെ ശരീരത്തില്‍ മര്‍ദ്ദനത്തിലേറ്റ പരിക്കുകളുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Comments (0)
Add Comment