വധശ്രമക്കേസ്; ലക്ഷദ്വീപ് എം പിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസലിന് 10 വര്‍ഷം തടവ്

Jaihind Webdesk
Wednesday, January 11, 2023

കൊച്ചി: വധശ്രമ കേസില്‍ ലക്ഷദ്വീപ് എം പിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു.കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്.എം പി മുഹമ്മദ് ഫൈസലിന്‍റെ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ക്കാണ് ശിക്ഷ. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. എംപിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കും. ലക്ഷദ്വീപില്‍നിന്ന് എംപിയുമായി പൊലീസ് കണ്ണൂരിലേക്കു പുറപ്പെട്ടു.

2009 ലെ തെരഞ്ഞെടുപ്പിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനാണ് ശിക്ഷ.മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി എം സയ്യിദിന്‍റെ മകളുടെ ഭര്‍ത്താവാണ് മുഹമ്മദ്‌ സാലിഹ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. 32 പേരാണ് കേസിലെ പ്രതികള്‍ ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി. ഒരു ഷെഡ് സ്ഥാപിച്ചതിനേത്തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.