പ്രതിപക്ഷ നേതാവിനെ അപകീർത്തിപ്പെടുത്താന്‍ ശ്രമം ; വ്യാജ വാർത്ത ചമച്ച് ഓണ്‍ലൈന്‍ മാധ്യമം

Jaihind News Bureau
Sunday, December 22, 2019

Ramesh-Chennithala-Jan-15

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അവഹേളിക്കാന്‍ ബോധപൂർവമായ ശ്രമം. രാജ്യത്ത് പ്രക്ഷോഭം അരങ്ങേറുമ്പോള്‍ പ്രതിപക്ഷനേതാവും കുടുംബവും റിസോര്‍ട്ടില്‍ ഉല്ലസിക്കുന്നു എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഓണ്‍ലൈന്‍ മാധ്യമം. രമേശ് ചെന്നിത്തലയുടെ മകന്‍റെ വിവാഹസമയത്തെ ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് ഇത്തരത്തില്‍ ബോധപൂർവമായി അവഹേളിക്കാന്‍ ശ്രമം നടത്തുന്നത്.

‘രാജ്യം ഒന്നടങ്കം തെരുവിലിറങ്ങിയപ്പോൾ അത്യാഢംബര സ്വകാര്യ റിസോർട്ടിൽ ഉല്ലസിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും കുടുംബവും; വിവാദത്തിന് തിരികൊളുത്തി ഫോട്ടോഷൂട്ട്’ എന്ന തലക്കെട്ടോടെ ‘ബിഗ് ന്യൂസ്’ എന്ന ഓണ്‍ലൈന്‍ പോർട്ടലാണ് അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍  എന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ആരാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നുമുള്ള കാര്യങ്ങളില്‍ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്. രമേശ് ചെന്നിത്തല തന്‍റെ ഫേസ്ബുക്ക് പേജില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചു എന്ന നുണയും ബിഗ് ന്യൂസ് പ്രചരിപ്പിക്കുന്നു.

ബിഗ് ന്യൂസ് നല്‍കിയ വ്യാജ വാർത്ത :

യഥാർത്ഥത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്‍റെ വിവാഹ വേളയില്‍ എടുത്ത ചിത്രങ്ങളാണ്, ഇപ്പോഴത്തേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തയായി നല്‍കിയിരിക്കുന്നത്. ഫോട്ടോ ഷൂട്ടിന്‍റെ ചുമതലയുണ്ടായിരുന്ന ‘സ്നാപ്സ് ഫോട്ടോഗ്രഫി’ അവരുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വ്യാജവാര്‍ത്ത ചമയ്ക്കാന്‍ ‘ബിഗ് ന്യൂസ്’ ഉപയോഗിച്ചത്. ‘2019 ഫെബ്രുവരി 17 ന് രോഹിത്തിന്‍റെ കല്യാണത്തിന് ശേഷം നടന്ന ഔട്ട്ഡോർ ഷൂട്ടിന്‍റെ ഭാഗമായി എടുത്ത ചിത്രങ്ങള്‍’ എന്ന് കൃത്യമായി പറഞ്ഞുകൊണ്ടാണ് ‘സ്നാപ്സ് ഫോട്ടോഗ്രഫി’ തങ്ങളുടെ പേജില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ച് ബോധപൂര്‍വം തെറ്റിദ്ധാരണാജനകമായ വാര്‍ത്ത നല്‍കുകയായിരുന്നു ബിഗ് ന്യൂസ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

പിണറായിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര, സർക്കാരിന്‍റെ അഴിമതി, മാര്‍ക്ക്ദാന വിവാദം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉയർത്തിക്കൊണ്ടുവന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ മുന്‍നിര പോരാളിയായും രമേശ് ചെന്നിത്തല ശക്തമായ സാന്നിധ്യമാണ്. കഴിഞ്ഞദിവസം മലപ്പുറത്ത് കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി രമേശ് ചെന്നിത്തല അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു.

‘സ്നാപ്സ് ഫോട്ടോഗ്രഫി’ തീയതി സഹിതം തങ്ങളുടെ പേജില്‍ പങ്കുവെച്ച പോസ്റ്റ് :