മദ്യനയക്കേസിലെ പണം ഇടപാട് ഇഡിക്ക് തെളിയിക്കാനായിട്ടില്ല; പണം ലഭിച്ചത് ബിജെപിക്ക്, മാപ്പുസാക്ഷിക്കെതിരെ എഎപി

ന്യൂഡല്‍ഹി:  ഇഡിക്ക് മദ്യനയക്കേസിലെ പണം ഇടപാട് ഒന്നും തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഒരാളുടെ മാത്രം മൊഴിയിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കെജ്‌രിവാളിനെ കണ്ടിട്ടില്ലെന്നായിരുന്നു വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ  ഇയാള്‍ മൊഴി മാറ്റി പറഞ്ഞു.

ഇലക്ടറൽ ബോണ്ടിലൂടെ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് പണം നൽകിയെന്നും അവര്‍ ആരോപിച്ചു. മദ്യനയ കേസിൽ മാപ്പുസാക്ഷിയാണ് ഇദ്ദേഹം. ഏറെ മാസങ്ങൾ ജയിലിൽ കിടന്ന ശേഷം അയാൾ മൊഴിമാറ്റി. അരവിന്ദ് കെജ്‌രിവാളിനെ കണ്ടുവെന്ന് പറഞ്ഞയുടൻ ശരത് ചന്ദ്രന് ജാമ്യം ലഭിച്ചുവെന്നും അതിഷി ആരോപിച്ചു. ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് 55 കോടി നൽകിയതായും എഎപി ആരോപിച്ചു. ബോണ്ട് വാങ്ങിയത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യേണ്ടത് എഎപി നേതാക്കളെയല്ല ജെ പി നദ്ദയെയാണ് എന്നും അതിഷി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ട് വർഷമായി സിബിഐ, ഇഡി അന്വേഷണങ്ങൾ നടക്കുന്നു. ഈ രണ്ട് വർഷത്തിനിടയിൽ പണം ആര് കൊടുത്തു, പണം എങ്ങോട്ട് പോയി എന്ന ചോദ്യങ്ങൾ വീണ്ടും വീണ്ടും ഉയർന്നുവരുന്നു. ആം ആദ്മി പാർട്ടിയുടെ ഒരു നേതാവിൽ നിന്നോ, മന്ത്രിയിൽ നിന്നോ, പ്രവർത്തകനിൽ നിന്നോ പണം കണ്ടെത്തിയിട്ടില്ലെന്നും അതിഷി പറഞ്ഞു.

Comments (0)
Add Comment