പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടി വീണ കാൺപുരിലെ അടൽ ഘട്ടിന്‍റെ പടി പൊളിച്ചുപണിയാൻ ഉത്തർപ്രദേശ് സർക്കാർ. അടൽ ഘട്ടിലെ പടികളിലൊന്നിന്‍റെ ഉയരം ക്രമംവിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പടികളുടെ ഉയരം തുല്യമല്ലാത്തതിനാൽ ഇതിന് മുമ്പും പല സന്ദർശകരും വീണിട്ടുണ്ടെന്നും ഇനിയും ഇത്തരം അപകടങ്ങള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ആഴ്ചനമാമി ഗംഗ പദ്ധതിയുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനായുള്ള കാൺപൂർ സന്ദർശനത്തിനിടെയായിരുന്നു വീഴ്ച. ഗംഗാ ജലത്തിന്‍റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഗംഗാ അടൽ ഘട്ടിന്‍റെ പടികള്‍ കയറുന്നതിനിടെയായിരുന്നു നരേന്ദ്ര മോദി അടിതെറ്റി വീണത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം നിലത്ത് വീഴുകയായിരുന്നു.
https://www.youtube.com/watch?v=Uc8YiUSdHIw
അടല്‍ ഘട്ടിന് ഒരു പടിയില്‍ മാത്രമാണ് ഉയരവ്യത്യാസമുള്ളത്. കടവിൽ പൂജ ചെയ്യാനെത്തുന്നവർക്ക് ഇരിക്കുന്നതിനായാണ് അത് നേരത്തെ അങ്ങനെ നിർമിച്ചിരുന്നത്. എന്നാല്‍ പല സന്ദർശകര്‍ക്കും ഇവിടെ അപകടം സംഭവിക്കുന്നതിനാല്‍ ഈ പടി എത്രയും പെട്ടെന്ന് പൊളിച്ചുപണിയുകയാണെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ സുധീര്‍ എം. ബോബ്ഡേ പറഞ്ഞു. ബോട്ട് ക്ലബ്ബിലേയ്ക്കുള്ള വഴിയിലെ മൂന്നാമത്തെ സെറ്റിലെ 9-ആം നമ്പര്‍ പടിക്കെട്ടിന് മാത്രമാണ് ഈ കുഴപ്പമുള്ളത്.
അടല്‍ ഘട്ട് ഉള്‍പ്പെടെ നമാമി ഗംഗെ പ്രോജക്ടിന് കീഴില്‍ ഇത്തരത്തിലുള്ള പുഴക്കടവിലെ പടിക്കെട്ടുകളുടെയും ശ്മശാനങ്ങളുടെയും എല്ലാം നിര്‍മ്മാണ ചുമതല എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് തന്നെയാണ്. കമ്പനിയോട് ഇക്കാര്യം സംസാരിക്കുമെന്നും ഉടന്‍ തന്നെ പരിഹാരം കാണുമെന്നും ബോബ്ഡേ പറഞ്ഞു.
അടല്‍ ഘട്ടിന്‍റെ നിര്‍മ്മാണം പുരോഗമിക്കവേ അവിടെ സ്ഥിരമായി പൂജ നടത്തിയിരുന്നവരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇരുന്നു പൂജ ചെയ്യാനായി ഒരു സംവിധാനം അന്ന് അങ്ങനെ ഒരുക്കുകയായിരുന്നു. പടിക്കെട്ടിന്‍റെ പണികള്‍ കഴിഞ്ഞിരുന്നതിനാല്‍ അത് മാത്രമായിരുന്നു അന്ന് ചെയ്യാനാകുമായിരുന്നതെന്ന് എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രതിനിധി തന്‍വീര്‍ പറഞ്ഞു.
ഏതായാലും പ്രധാനമന്ത്രിയുടെ വീഴ്ചയോടെ പടിക്കെട്ടുകള്‍ മാറ്റിപ്പണിയാന്‍ തീരുമാനമായി.