അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നവംബറില്‍, വോട്ടെണ്ണല്‍ ഡിസംബർ മൂന്നിന്

Jaihind Webdesk
Monday, October 9, 2023

Lok Sabha Polls

 

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു.രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഡിസംബർ മൂന്നിനാണ് അഞ്ചിടത്തേയും വോട്ടെണ്ണല്‍.

ഛത്തീസ്ഢില്‍ 2 ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 7, നവംബർ 17 എന്നീ ദിവസങ്ങളില്‍ വോട്ടെടുപ്പും ഡിസംബർ മൂന്നിന് വോട്ടെണ്ണലും നടക്കും. മിസോറമില്‍ നവംബർ 7ന് വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശില്‍ നവംബർ 17 നും തെലങ്കാനയില്‍ നവംബർ 30 നും രാജസ്ഥാനില്‍ നവംബർ 23 നുമാണ് വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം ഡിസംബർ മൂന്നിന് അറിയാനാകും.

അഞ്ച് സംസ്ഥാനങ്ങളിലായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ അഞ്ച് സംസ്ഥാനങ്ങളിലുമായി സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.