അതിജീവനത്തിനായി പൊരുതുന്ന ആശാവര്‍ക്കര്‍മാര്‍ സമരം നാല്‍പ്പത്തിയൊമ്പതാം ദിവസമാണിന്ന് . സമരം ശക്തമാക്കിക്കൊണ്ട് നാളെ സമരവേദിയില്‍ മുടിമുറിക്കല്‍ സമരം നടക്കും. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടത്തിന്റെ അടുത്ത ഘട്ടമായാണ് മുടിമുറിക്കല്‍ സമരം നടത്തുന്നത്. രാപ്പകല്‍ സമരം 49 ആം ദിനത്തിലും നിരാഹാര സമരം പതിനൊന്നാം ദിനത്തിലേക്കും കടന്നു. എസ്.എസ് അനിതകുമാരി, ബീന പി എസ്.ബി രാജി എന്നിവരാണ് നിലവില്‍ നിരാഹാരം അനുഷ്ഠിക്കുന്നത്.
അമ്പതാം ദിനം മുടി മുറിച്ച് ആശാപ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും സമരസമിതി വ്യക്തമാക്കി. പ്രതികാര നടപടിയുടെ ഭാഗമായി പല ആശ പ്രവര്‍ത്തകര്‍ക്കും ഇന്‍സെന്റീവും ഓണറേറിയവും സര്‍ക്കാര്‍ നല്‍കുന്നില്ല എന്നും സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാംഘട്ട സമരത്തിനു ശേഷവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് മോശം പെരുമാറ്റമെന്നും സമരസമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.