തിരുവനന്തപുരം : എട്ടു മാസത്തിലേറെയായി സമരം തുടരുന്ന ആശാവര്‍ക്കര്‍മാര്‍ 22ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് ചെയ്യും. ഓണറേറിയ വര്‍ദ്ധന, വിരമിക്കല്‍ ആനുകൂല്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം എന്ന് ആവശ്യപ്പെട്ടാണ് ക്ലിഫ് ഹൗസ് മാര്‍ച്ച്. 22 ന് രാവിലെ 10ന് പിഎംജി ജംഗ്ഷനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത് എന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദന്‍ പറഞ്ഞു.
ക്ലിഫ് ഹൗസ് മാര്‍ച്ചിനായി വിപുലമായ തയ്യാറെടുപ്പാണ് സംസ്ഥാനത്തുടനീളം ആശാവര്‍ക്കര്‍മാര്‍ നടത്തുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ആശമാരുടെ യോഗം, പ്രാദേശികതലത്തില്‍ പോസ്റ്റര്‍ പ്രചരണം, ജില്ലാതല പ്രചരണ റാലികള്‍ എന്നിവയ്‌ക്കൊപ്പം തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ആയിരം പ്രതിഷേധ സദസ്സുകളും സംസ്ഥാനത്ത് തുടരുകയാണ്.
ഓണറേറിയം 21,000 രൂപയായി വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ജീവന്‍ പ്രധാനങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച രാപകല്‍ സമരമാണ് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മൂലം എട്ടുമാസം പിന്നിട്ടും തുടരുന്നത്.
സമരത്തെ തുടര്‍ന്ന് ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആശമാരെ അവഹേളിക്കുന്ന റിപ്പോര്‍ട്ടാണ് കമ്മറ്റി പുറത്തുവിട്ടത് എന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പറഞ്ഞിരുന്നു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും ആശമാരും ഓണറേറിയ വര്‍ദ്ധന ആവശ്യപ്പെട്ട് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വന്ന ശേഷവും ഈ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കമ്മിറ്റി റിപ്പോര്‍ട്ട് മാറ്റിവെച്ച് ജീവല്‍ പ്രധാനകളായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം എന്ന് ആവശ്യപ്പെട്ടാണ് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുന്നത്. മുഖ്യമന്ത്രി വിചാരിച്ചാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സമരം അവസാനിപ്പിക്കാനാകും, കേന്ദ്രം വര്‍ദ്ധിപ്പിച്ചാല്‍ സംസ്ഥാനവും വര്‍ദ്ധിപ്പിക്കാം എന്ന മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കണം എന്ന് ആവശ്യപ്പെട്ടാണ് ക്ലിഫ് ഹൗസിലേക്ക് പോകാന്‍ തീരുമാനിച്ചത് എന്ന് ആശാ സമര നേതാവ് എസ് മിനി പറഞ്ഞു.