വിവാദങ്ങള്‍ മലകയറുമ്പോള്‍… തീര്‍ത്ഥാടന ഒരുക്കങ്ങള്‍ താളംതെറ്റി വീഴുന്നു

Staff Reporter
Thursday, October 25, 2018

യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് വിവാദങ്ങളും തര്‍ക്കങ്ങളും മലകയറുമ്പോള്‍ തീര്‍ത്ഥാടന ഒരുക്കങ്ങളെല്ലാം താളംതെറ്റി വീണ അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും തീര്‍ത്ഥാടന ഒരുക്കങ്ങളില്‍ തീരെ ശ്രദ്ധയില്ലാത്ത അവസ്ഥയിലാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളെല്ലാം ഏതാണ്ട് പൂര്‍ണ്ണമായി നിലച്ച മട്ടാണ്. ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുള്‍മുനയില്‍ നിര്‍ത്തിയതോടെ അദ്ദേഹവും ഒന്നും ശ്രദ്ധിക്കുന്നില്ലാത്ത അവസ്ഥയിലാണ്. മുന്‍കാലങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റോ മറ്റേതെങ്കിലും അംഗങ്ങളോ സ്ഥിരമായി ക്യാമ്പ് ചെയ്ത് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരാരും തന്നെ സ്ഥലത്തില്ലാത്ത അവസ്ഥയിലാണ്. ദേവസ്വം ബോര്‍ഡിന്‍റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും സ്ഥലത്തില്ല.

പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായതിനെ തുടര്‍ന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ പൂര്‍വ്വ സ്ഥിതിയിലേയ്ക്കെങ്കിലും എത്താനാകൂ എന്നിരിക്കെ ഒന്നും തന്നെ തുടങ്ങാനായിട്ടില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. സന്നിധാനത്തേയ്ക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നത് കുന്നാര്‍ ഡാമില്‍ നിന്നാണ്. വനത്തില്‍ ഉരുള്‍ പൊട്ടിയതിനാല്‍ കല്ലും മണ്ണും ഒഴുകി വന്ന് ഡാം നികന്നിരിക്കുകയാണ്. ഇത് നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ പോലും മന്ദഗതിയിലാണ് നടക്കുന്നത്. ഇതിന് പുറമെയാണ് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ മണ്ണൊലിച്ച് വന്നത് കാരണം വീണ്ടും കുന്നാര്‍ ഡാം നികന്നുപോയി. ഇത് സന്നിധാനത്തിലേയ്ക്കുള്ള വെള്ളം സംഭരിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. തര്‍ക്കങ്ങളിലും വിവാദങ്ങളിലും പെട്ട് ഉഴലുന്ന ദേവസ്വം ബോര്‍ഡ് ആകട്ടെ ഇപ്പോള്‍ നിര്‍ജ്ജീവ അവസ്ഥയിലുമാണ്.

അതിനിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാറിന് സ്ഥാനചലനമുണ്ടാകുമെന്ന വാര്‍ത്തകളും തീര്‍ത്ഥാടന ഒരുക്കങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ മകര-മണ്ഡലകാലത്ത് അയ്യപ്പഭക്തന്മാര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ കഷ്ടപ്പെടേണ്ടി വരും.