നിയമവും യാഥാർഥ്യവും
ജമ്മു കശ്മീർ അടച്ചു പൂട്ടിയത് ഓഗസ്റ്റ് 4, 2019 വൈകുന്നേരമാണ് . മനുഷ്യാവകാശങ്ങൾക്കു മേലുള്ള ആക്രമണം അന്നാണ് ആരംഭിച്ചത് . ഗവർണറും ഉപദേശകരും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള അധികാരത്തിൽ വന്ന പുതിയ സംഘത്തിന് ഭരണഘടനയോടു തീരെ കുറഞ്ഞ അളവിൽ മാത്രമേ ബഹുമാനം ഉണ്ടായിരുന്നുള്ളു.
ഓഗസ്റ്റ് 4, 2019 നു മൊബൈൽ ഫോൺ ശൃംഖലകൾ, ഇന്‍റർനെറ്റ് സേവനങ്ങൾ, ഭൂതല(ലാൻഡ്‌ലൈൻ) ബന്ധങ്ങൾ എല്ലാം കശ്മീർ താഴ്വരയിൽ നിർത്തലാക്കി. സഞ്ചാര സ്വാതന്ത്ര്യത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 5, 2019 നു ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞു നിർദിഷ്ട കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുള്ള വ്യവസ്ഥകൾ നടപ്പിലാക്കികൊണ്ടുള്ള ഭരണഘടനാ നിർദ്ദേശം 272 പ്രസിഡന്‍റ് പുറപ്പെടുവിച്ചു.
അതെ ദിവസം തന്നെ ജില്ലാ മജിസ്‌ട്രേറ്റുകൾ സി ആർ പി സി 144 ആം വകുപ്പുപയോഗിച്ചു സഞ്ചാരപൊതു സമ്മേളനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. നൂറു കണക്കിന് രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും തടഞ്ഞു വയ്ക്കപ്പെട്ടു. മുന്ന് മുൻ മുഖ്യമന്ത്രിമാർ പ്രത്യേക കുറ്റാരോപണങ്ങളൊന്നുമില്ലാതെ ഇന്നും തടങ്കലിൽ തുടരുകയാണ്.
കാശ്മീർ ടൈംസിന്‍റെ എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ബാസിൻ , ഗുലാം നബി ആസാദ് എന്നിവർ ഈ നിയന്ത്രണങ്ങളെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. പരാതിക്കാരുടെ മൗലികാവകാശങ്ങൾ ലംഖിക്കപ്പെട്ടു എന്നതിനോടൊപ്പം തനിക്കു പത്രം പ്രസിദ്ധീകരിക്കാനാവുന്നില്ലെന്നും മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു എന്നും ബാസിൻ വാദിച്ചു.
സെപ്റ്റംബർ 16 , 2019 നു ‘ദേശീയ താല്‍പര്യവും ആഭ്യന്തര സുരക്ഷയും കരുതി കശ്മീരിൽ സാധാരണ ജീവിതം ഉറപ്പാക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും’ സംസ്ഥാന ഗവൺമെന്‍റ് നടത്തണമെന്ന് സുപ്രീം കോടതി നിർദേശം പുറപ്പെടുവിച്ചു. പക്ഷെ, ഭയപ്പെട്ടത് പോലെ, സാധാരണ ജീവിതം പുനഃസ്ഥാപിക്കപ്പെട്ടില്ല.
ഒക്ടോബര്‍ 16 , 2019 നു ‘ചില നിയന്ത്രണങ്ങളിൽ അയവു വരുത്തിയിട്ടുണ്ട്’ എന്ന കേന്ദ്ര ഗവൺമെന്‍റിന്‍റെ വാദം കോടതി രേഖപ്പെടുത്തി. പക്ഷെ, ഫലപ്രദമായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്ക് ബാധകമായ ഒരു ഇടക്കാല ഉത്തരവ് ഉണ്ടായില്ല. ജമ്മു കശ്മീരിലെ, പ്രത്യേകിച്ചും, കാശ്മീർ താഴ്വരയിലെ സാഹചര്യം അതുപോലെ തന്നെ തുടരുകയും ചെയ്തു.
പ്രശ്നങ്ങളും ഉത്തരങ്ങളും
കോടതി പല ദിവസങ്ങളിലും കേസുകളിന്മേലുള്ള വാദം കേട്ടതിനു ശേഷം നവംബർ 10, 2019 നു വിധി മാറ്റിവയ്ക്കുകയും ജനുവരി 10, 2020 നു പുറപ്പെടുവിക്കുകയും ചെയ്തു.
കോടതി അഞ്ചു പ്രശ്നങ്ങളാണ് ഈ വിഷയത്തിൽ രൂപപ്പെടുത്തിയത്. ആ പ്രശ്ങ്ങളുടെയും അവയ്ക്കുള്ള ഉത്തരങ്ങളുടെയും ഒരു സംഗ്രഹം ഞാനിവിടെ പറയുന്നു;
ഒരു സമനില സൃഷ്ടിക്കൽ
കോടതിയുടെ കണ്ടെത്തലകളും ചില വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള വൈമുഖ്യവും അതിശയിപ്പിക്കുന്നതായിരുന്നില്ല. വിധിന്യായത്തിന്‍റെ തുടക്കത്തിൽ തന്നെ കോടതി സമീപനം വ്യക്തമാക്കിയിരുന്നു “ഞങ്ങളുടെ പരിമിതമായ സാധ്യത എന്നത് സ്വാതന്ത്ര്യത്തിനും സുരക്ഷാ പ്രശ്നങ്ങൾക്കുമിടയിൽ ഒരു സമനില കണ്ടെത്തുക എന്നതാണ്.,..പൗരന്മാർക്ക് സാധ്യമായ എല്ലാ സ്വാതന്ത്ര്യവും അവകാശങ്ങളും നൽകുകയും അതെ സമയം തന്നെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുക എന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം.”
ആഗസ്ത് 4, 2019 മുതൽ ജനുവരി 13, 2020 വരെ ഗവൺമെന്‍റ് കശ്മീരിൽ ‘സാധാരണത്വം’ നിലനിർത്തിയ കാലഘട്ടത്തിൽ 20 സാധാരണ പൗരരും 36 തീവ്രവാദികളും കൊല്ലപ്പെടുകയും 8 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
നിങ്ങൾ ഈ എഴുത്തുപംക്തി വായിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്‍റർനെറ്റ്, സഞ്ചാരം, പൊതു സമ്മേളനം, രാഷ്ട്രീയ പ്രവർത്തനങ്ങൾ, പ്രസംഗം, എഴുത്തു തുടങ്ങിയവയ്ക്കു മേലുള്ള നിയന്ത്രണങ്ങൾ കശ്മീരിൽ തുടരുകയാണ്. പ്രത്യേക ആരോപണങ്ങളില്ലാതെ രാഷ്ട്രീയ നേതാക്കൾ തടങ്കലിൽ തുടരുകയാണ്. അതുകൊണ്ടു, കോടതി വിധിക്കു ശേഷം യഥാർത്ഥത്തിൽ എന്തെങ്കിലും മാറിയിട്ടുണ്ടോ?
അടിസ്ഥാനപരമായ സ്വാതന്ത്ര്യത്തെ താത്കാലികമായ സുരക്ഷയ്ക്ക് വേണ്ടി ഉപേക്ഷിക്കുന്നവർ സ്വാതന്ത്ര്യവും സുരക്ഷയും അർഹിക്കുന്നില്ല എന്നാണ് ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ അഭിപ്രായപ്പെട്ടത്. വേറെ പശ്ചാതലത്തിലാണ് പറഞ്ഞതെങ്കിലും സ്വാതന്ത്ര്യവും സുരക്ഷയും തമ്മിൽ സംഘര്ഷമുണ്ടാകുന്ന സന്ദർഭങ്ങളിലെല്ലാം ആ ഉദ്ധരണി ഏറെ യോജിച്ചതാണ്.
എന്തെങ്കിലും മാറ്റമുണ്ടാകുമോ?
കോടതിയുടെ വിധി ഗവൺമെന്‍റിന് കശ്മീർ പ്രശ്നത്തോടുള്ള അതിന്‍റെ സ്വേച്ഛാപരവും സൈനികവുമായ സമീപനത്തിൽ നിന്ന് പിന്മാറാനുള്ള ഒരു വഴിയാണ് നൽകുന്നത്. പക്ഷെ, ഈ ഗവർമെന്‍റ് ആ വഴി സ്വീകരിക്കുമോ എന്ന് ഞാൻ സംശയിക്കുന്നു.
കശ്മീരിലെ ഏഴു ദശലക്ഷം ജനങ്ങൾക്ക് തങ്ങളുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയും ഈ വിധി നൽകുന്നു; വിധി വന്നു ഏഴു ദിവസങ്ങൾക്കു ശേഷവും അങ്ങനെ സംഭവിക്കുന്നതിന്‍റെ സൂചനകളൊന്നും ഇല്ലെങ്കിലും. കേസിലെ പ്രതിസ്ഥാനത്തുള്ള കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ തങ്ങളുടെ പ്രവർത്തികൾ കോടതിയുടെ നിരന്തരമായ അവലോകനത്തിന് വിധേയമാകുന്നതിൽ അസന്തുഷ്ടരാണ്. തങ്ങൾക്കു യഥാർത്ഥ ആശ്വാസമല്ല, മറിച്ചു വെറും നിയമ പ്രസ്താവങ്ങളാണ് ലഭിച്ചത് എന്നതിൽ വാദികളും അസന്തുഷ്ടരാണ്.
“സ്വകാര്യത’ വിഷയമാക്കിയ പുട്ടസ്വാമി കേസിൽ എന്നപോലെ കോടതിക്ക് കൂടുതൽ ചെയ്യാമായിരുന്നു. ഒരു അവസരമാണ് നഷ്ടപ്പെട്ടത്. ഒരു പക്ഷെ അടുത്ത വാദത്തിന്‍റെ സമയത്തോ (കോടതിയലക്ഷ്യത്തിന് നടപടിയുണ്ടായേക്കാം എന്ന് ബെറ്റ് വയ്ക്കുന്നു ) അടുത്ത കേസിന്‍റെ വാദ സമയത്തോ കൂടുതൽ ചെയ്യുമായിരിക്കാം. ചില സമയത്തു നിയമത്തിനു നിരാശപ്പെടുത്താനാകും.
– പരിഭാഷ : ജ്യോതി വിജയകുമാര്‍