
ആറളത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരു മനുഷ്യജീവൻ കൂടി നഷ്ടമായതിൽ ജനങ്ങൾക്കുള്ള വേദനയിലും ഉത്കണ്ഠയിലും പങ്കുചേരുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. ആറളം ഫാമിലെ പട്ടികവർഗ്ഗ വിഭാഗക്കാരുടെ സംരക്ഷണത്തിനായി വനംവകുപ്പും ഫാം അധികൃതരും കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടതാണ്. എന്നാൽ, കാട്ടാനശല്യം തടയുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ വനംവകുപ്പ് അധികൃതരുടെ യോഗം ചേർന്ന് ആർആർടി സംഘത്തെ കൂടുതൽ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വനമതിൽ നിർമ്മാണത്തിലെ കാലതാമസം വലിയ ആശങ്കയുണ്ടാക്കുന്നു. മുമ്പും കാട്ടാന ആക്രമണങ്ങൾ ഉണ്ടായപ്പോൾ അത് ആവർത്തിക്കാതിരിക്കാൻ വനം മന്ത്രി ഉൾപ്പെടെയുള്ളവർ നൽകിയ ഉറപ്പുകൾ ഒന്നുതന്നെ പാലിക്കപ്പെടുന്നില്ല. സർക്കാരിന്റെ ഈ നിസ്സംഗത ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണെന്നും കാട്ടാന ആക്രമണവും വന്യമൃഗ ശല്യവും പ്രതിരോധിക്കാൻ അടിയന്തരമായ ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാട്ടാന ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്ന് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.