ഇവിടെ എന്തും ചെയ്യാം പാര്‍ട്ടിയാണ് നിയമം, പാര്‍ട്ടിയാണ് കോടതി; രൂക്ഷവിമര്‍നവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, November 9, 2022

കോർപറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനേയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ച് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അമിത ലാളനയേറ്റ് വളർന്ന ഒരു കുട്ടിക്കുണ്ടാകുന്ന സ്വാഭാവിക പതനമായിട്ടാണ് ആര്യയുടെ വീഴ്ചയെ കാണാൻ കഴിയുകയുള്ളൂവെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഇടത് പക്ഷ പ്രസ്ഥാനമെന്ന് മേനി പറയുന്ന സിപിഎം നിപതിച്ച ജീർണ്ണതയുടെ ആഴങ്ങളാണ് ആര്യ കാണിച്ചു തരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം സത്യ സന്ധമായി നടക്കാനോ കുറ്റവാളിയെ കണ്ടെത്താനൊഉള്ള ശ്രമമല്ലെന്നത് വ്യക്തമാണെന്നും കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണിതെന്നും മുല്ലപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.

ആര്യാ രാജേന്ദ്രൻ, പിണറായി വിജയൻ, പിന്നെ സി.പി.എം. ഉം
അനന്തപുരിയിൽ നിന്ന് പുറത്ത് വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ തീർത്തും സ്തോഭജനകമാണ്. എന്താണ് ഇവിടെ നടക്കുന്നത് ? കേരളം എങ്ങോട്ടേക്കാണ് പോയിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലുകളാണ് ഇതെല്ലാം .
തിരുവനന്തപുരം മേയറായി ഇരുപത്തൊന്ന് വയസ്സുകാരി ആര്യാ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത് ശ്രദ്ധിക്കാത്തവരാരുമില്ല. ഇന്ത്യയിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വനിതാ മേയറെന്ന പദവിയാണ് ചരിത്രം അവർക്ക് നൽകിയത്. ചരിത്രബോധവും രാഷ്ട്രീയ വിവേകവുമുള്ള സകലരും സന്തോഷിച്ചു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ മേയറായി 1957 ൽ മദിരാശിയിൽ ചുമതലയേറ്റ മലയാളിയായ താരാ ചെറിയാനെ ഓർത്തുപോയി. 1958 ൽ ഇന്ദ്രപ്രസ്ഥത്തിൽ ഒന്നാമത്തെ മേയറായ അരുണാ ആസഫലിയും ചരിത്രത്തിൽ രേഖപ്പെടുത്തിയ പേരാണ്.
പറയാതെ വയ്യ. മേയറുടെ മേലങ്കിയണിഞ്ഞത് മുതൽ ആര്യാ രാജേന്ദ്രനിൽ കണ്ടത് പ്രകടമായ മാറ്റമാണ്. അമിത ലാളനയേറ്റ് വളർന്ന ഒരു കുട്ടിക്കുണ്ടാകുന്ന സ്വാഭാവിക പതനമായിട്ടാണ് ആര്യയുടെ വീഴ്ചയെ
കാണാൻ കഴിയുകയുള്ളൂ .
തന്നിഷ്ടക്കാരിയായി മേയർ മാറുകയായിരുന്നോ എന്ന് കേരളം ഒരു നിമിഷം ചിന്തിച്ചു പോയി.
ഏറ്റവും ഒടുവിൽ കോർപ്പറേഷനിലേക്ക് നടക്കാൻ പോകുന്ന ക്രമവിരുദ്ധ നിയമന വാർത്തയെ ഒരു ചാഞ്ചല്യവുമില്ലാതെ മാധ്യമങ്ങളുടെ മുമ്പിൽ ന്യായീകരിച്ചതോടെ ആര്യയുടെ പതനം പൂർത്തിയായി. അനന്തപുരിയിൽ അധികാര ചക്രം തിരിക്കുന്ന കാരണഭൂതന്റെ പിൻബലം കൂടിയുണ്ടല്ലോ. ഇടത് പക്ഷ പ്രസ്ഥാനമെന്ന് മേനി പറയുന്ന സി.പി.എം. നിപതിച്ച ജീർണ്ണതയുടെ ആഴങ്ങളാണ് ആര്യ നമ്മെ കാണിച്ചു തരുന്നത്.
ഇവിടെ എന്തും ചെയ്യാം. പാർട്ടിയാണ് നിയമം. പാർട്ടിയാണ് കോടതി. ആർക്കും ഞങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന അപകടകരമായ അവസ്ഥ.
ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിയെ കാണുന്നു. പരാതി മുഖ്യമന്ത്രി ക്രൈം ബ്രാഞ്ച്ന്ന് കൈ മാറുന്നു. അന്വേഷണം സത്യ സന്ധമായി നടക്കാനോ കുറ്റവാളിയെ കണ്ടെത്താനൊഉള്ള ശ്രമമെല്ല ഇത് എന്ന് വ്യക്തം. കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ആർക്കാണ് അറിയാത്തത് ?
ഡെൻമാർക്കിലെ ചീഞ്ഞു നാററത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇവിടെ എല്ലാം ചീഞ്ഞളിഞ്ഞിരിക്കുന്നു. ദുർഗ്ഗന്ധം കൊണ്ട് വഴി നടക്കാൻ വയ്യ.
മുഖ്യമന്ത്രി മുതൽ ഛോട്ടാ നേതാക്കൾ വരെയുള്ള വരുടെ ധാർഷ്ട്യം അതിരു കടന്നു കഴിഞ്ഞു. അഴിമതിയുടെ അഴുക്കു ചാലിൽ ഒരു സംസ്ഥാനത്തെ കൊണ്ടെത്തിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കല്ലാതെ ആർക്കാണ്?
ഏതെങ്കിലും ഒരു കാര്യത്തിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണം ഉണ്ടോ? തന്നെയും തന്റെ ഓഫീസിനെയും കേന്ദ്രീകരിച്ച് നടന്നുവെന്ന് ആരോപിക്കപ്പെട്ട നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് വിവാദം ആളിക്കത്തിയിട്ടു പോലും ഒരു കൂസലുമില്ലാതെ നടക്കുന്ന അങ്ങ് ഭയങ്കരൻ തന്നെ.
ആഭ്യന്തര വകുപ്പിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വകുപ്പ് മന്ത്രിയെന്ന നിലയിൽ വല്ല ഗ്രാഹ്യവുമുണ്ടോ? നിയമ വാഴ്ച ഇതു പോലെ കുത്തഴിഞ്ഞ ഒരു കാലം കേരളത്തിലുണ്ടായിട്ടില്ല. പ്രഗത്ഭമതികളും അങ്ങേയറ്റം മിടുക്കന്മാരുമായ ഒരു കൂട്ടം ഐ.പി.എസ്സ്. കാർ പോലീസ് ഭരണം നിയന്ത്രിച്ച ഒരു കാലം ഇവിടെയുണ്ടായിരുന്നു. ഐ.പി.എസ്. കാരുടെ മുമ്പിൽ അപകർഷതാ ബോധത്തോടെ നിൽക്കേണ്ട ആളാണോ ആഭ്യന്തര മന്ത്രി ? താങ്കൾ എന്തിനെയാണ് ഭയപ്പെടുന്നത്. ഞങ്ങൾക്ക് ലജ്ജ തോന്നുന്നു.
സ്ത്രീ പീഢനം തുടർക്കഥയാവുന്നു. കൊലപാതകം, കൊള്ള, കവർച്ച, അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ടം, നിശാ ക്ളബ്ബുകളിൽ മേഞ്ഞു നടക്കുന്ന ഉദ്യോഗസ്ഥന്മാർ. ഏത് കുറ്റകൃത്യങ്ങൾ നടന്നാലും സംശയത്തിന്റെ സൂചി മുന പാർട്ടി നേതാക്കളിലെക്ക് എത്തുന്നു.
ഇളം തലമുറയെ മയക്കു മരുന്ന് മാഫിയകൾക്ക് എറിഞ്ഞു കൊടുത്തതിന്റെ ധാർമ്മിക ഉത്തരവാദിത്വം സി.പി.എം. ഏറ്റെടുക്കേണ്ടേ? അന്താരാഷ്ട്ര മയക്കുമരുന്നു റാക്കറ്റുമായി ബന്ധപ്പെട്ട് ജയിൽ വാസമനുഭവിച്ചത് ആരാന്നെന്ന് മുഖ്യമന്ത്രി തന്നെ പറയണം .
ജയിലുകളിൽ ഇരുന്ന് കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവും നിയന്ത്രിക്കുന്ന പല കുപ്രസിദ്ധ ക്രിമിനലുകളെയും താങ്കൾക്കറിയില്ലെ ? അവരെ നിലക്ക് നിർത്താനുള്ള ആർജ്ജവം പോലും താങ്കളുടെ പോലീസിനില്ലല്ലോ.
കേരളത്തിൽ കഴിഞ്ഞ ആറു വർഷമായി തലങ്ങും വിലങ്ങും സർക്കാർ വകുപ്പുകളിൽ, സഹകരണ സ്ഥാപനങ്ങളിൽ, സർവ്വകലാശാലകളിൽ നടക്കന്ന പിൻ പുറ നിയമനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന താങ്കളുടെ സമീപനം അങ്ങേയറ്റം അപലപനീയമാണ്. ലക്ഷക്കണക്കിന് മിടുക്കന്മാരുടെയും മിടുക്കികളുടെയും മുതുകിൽ ചവിട്ടിയാണ് പിൻ വാതിൽ നിയമനങ്ങളെല്ലാം നടക്കുന്നത്.
കേരളീയ സമൂഹത്തിന്റെ നിദ്രാവസ്ഥയെക്കുറിച്ചും പ്രതികരണ ശേഷിയില്ലായ്മയെക്കുറിച്ചും ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ താങ്കൾക്കറിയാം.
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച ചരിത്രകാരനായ ആക്ടൻ പ്രഭുവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ? അധികാരം ദുഷിപ്പിക്കുന്നു ; പരമമായ അധികാരം പരമമായി ദുഷപ്പിക്കുന്നുവെന്നു പറഞ്ഞത് അദ്ദേഹമാണ്. താങ്കളും താങ്കളുടെ പാർട്ടിയും പരമമായി ദുഷിച്ചു കഴിഞ്ഞു. ബ്രിട്ടീഷ് സന്ദർശന വേളയിൽ താങ്കൾ കാൾ മാർക്സിന്റെ സ്മൃതി മണ്ഡപത്തിൽ റീത്ത് സമർപ്പിക്കുന്നത് ഞങ്ങൾ ആവോളം ആസ്വദിച്ചു. കാൾ മാർക്സ് പുനരവതരിച്ചു വന്നാലും സി.പി.എം. നെ ശുദ്ധീകരിക്കാൻ കഴിയില്ല.