ഉമ്മന്‍ ചാണ്ടിയുടെ വാഗ്ദാനം നിറവേറ്റി അന്‍വര്‍ സാദത്ത് എംഎല്‍എ; അലമേലുവിനും മകള്‍ക്കും ഭവനമെന്ന സ്വപ്നം യാഥാർത്ഥ്യമായി

Jaihind Webdesk
Sunday, January 12, 2025

കൊച്ചി: ശ്രീമൂലനഗരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ആന്ധ്ര സ്വദേശിനി അലമേലുവിനും മകള്‍ ജ്യോതിക്കും, ഇനി അഭയമായി സ്വന്തം ഭവനം. ‘അമ്മക്കിളിക്കൂട്’ പദ്ധതിയുടെ ഭാഗമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അലമേലുവിന് വീട് നിര്‍മ്മിച്ചു നല്‍കി. വിധവകളായ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും അടച്ചുറപ്പുളള വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിയാണ് അമ്മക്കിളിക്കൂട്. ഈ പദ്ധതിയിലെ 54മത് വീടാണ് അലമേലുവിന് കൈമാറിയത്. ഇതിലൂടെ ഉമ്മന്‍ ചാണ്ടിയുടെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് അന്‍വര്‍ സാദത്ത് എംഎല്‍എ.

2019 ജൂലൈ 14-ന്, കൊണ്ടോട്ടിയിലെ ഒരു പൊതു പരിപാടിയിലാണ് ഉമ്മന്‍ ചാണ്ടി അലമേലുവിന്റെ ദുരവസ്ഥ അറിഞ്ഞത്. സദസ്സിലേക്ക് എത്തിച്ച അലമേലുവിന്റെ അപേക്ഷ വായിച്ച ഉമ്മന്‍ ചാണ്ടി വേദിയില്‍ വച്ച് തന്നെ വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, സ്ഥലം വാങ്ങാന്‍ ഒരു ലക്ഷം രൂപ നല്‍കുമെന്നും വീട് താന്‍ സ്പോണ്‍സറെ കണ്ടെത്തി നിര്‍മ്മിച്ച് നല്‍കുമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എയും പറഞ്ഞു. 30 വര്‍ഷം മുമ്പാണ് അലമേലു കേരളത്തില്‍ എത്തിയത്. പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റും പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.

വീടിന്റെ താക്കോല്‍ ദാനം കെ.സി വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഇനിയും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കെല്ലാം വീട് നിര്‍മിച്ച് നല്‍കുമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ശ്രീമൂലനഗരം സ്വദേശി ഫ്രാന്‍സീസ് വടക്കുംഞ്ചേരിയാണ് ഈ വീട് നിര്‍മിക്കാനുള്ള 3 സെന്റ് സ്ഥലം നല്‍കിയത്. കാഞ്ഞൂര്‍ സ്വദേശി ജോസ് പറയ്ക്കയാണ് വീട് സ്പോണ്‍സര്‍ ചെയ്തത്.