
അടിവസ്ത്രം വെട്ടിത്തയ്ച്ച് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് വീണ്ടും തിരിച്ചടി. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആന്റണി രാജുവിനെ ജനപ്രാതിനിധ്യ നിയമപ്രകാരം എംഎൽഎ സ്ഥാനം നഷ്ടമായി. അദ്ദേഹത്തെ അയോഗ്യനാക്കിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനവും പുറത്തിറങ്ങി.
ജനപ്രതിനിധികളെ ഏതെങ്കിലും കോടതി രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിച്ചാൽ അയോഗ്യനാക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. എംഎൽഎ സ്ഥാനം നഷ്ടമായതിന് പുറമെ, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) അനുസരിച്ച് ശിക്ഷാ കാലാവധിക്ക് ശേഷം അടുത്ത ആറ് വർഷത്തേക്ക് ആന്റണി രാജുവിന് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും അയോഗ്യതയുണ്ടാകും. കേസിലെ ഒന്നാം പ്രതിയായ കോടതി ജീവനക്കാരൻ ജോസിനും സമാനമായ ശിക്ഷ ലഭിച്ചു.
1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ 61.5 ഗ്രാം ഹാഷിഷുമായി പിടിയിലായ ആൻഡ്രൂ സാൽവദോർ സെർവല്ലി എന്ന ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിമറിച്ചു എന്നാണ് കേസ്. ആൻഡ്രൂ ധരിച്ചിരുന്ന അടിവസ്ത്രം തൊണ്ടിമുതലായി കോടതിയിലുണ്ടായിരുന്നു. ആന്റണി രാജുവും കോടതി ക്ലർക്കും ചേർന്ന് ഈ വസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കി എന്നും ഇത് പ്രതിക്ക് പാകമാകില്ലെന്ന് കാണിച്ച് ശിക്ഷയിൽ നിന്ന് രക്ഷിച്ചു എന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
1994-ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ സുപ്രീം കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ഇപ്പോൾ വിധി വന്നത്. 2006-ലാണ് കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന ഈ വിധി കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.