
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പീഡന കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ എന്നിവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. സമാനമായ നടപടികള്‍ ആവര്‍ത്തിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നുമുള്ള നിബന്ധനകളോടെയാണ് കോടതി ഉത്തരവ്.
താന്‍ അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ഫോട്ടോ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ കോടതിയെ അറിയിച്ചു. പരാതിക്കാരിയെ അപമാനിക്കുന്ന വിധത്തില്‍ യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും താന്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അതിജീവിതയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മഹിളാ കോണ്‍ഗ്രസ് നേതാവായ രഞ്ജിത പുളിക്കലും നിലപാട് സ്വീകരിച്ചു. ഒരു സ്ത്രീ എന്ന നിലയില്‍ അതിജീവിതയെ ഒരു തരത്തിലും അപമാനിക്കില്ലെന്നും രഞ്ജിത കോടതിയില്‍ വ്യക്തമാക്കി.
അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ്, രാഹുല്‍ ഈശ്വര്‍, പാലക്കാട് സ്വദേശിയായ വ്ലോഗര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.