ലൈംഗികപീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂർ ജാമ്യം

ലെംഗിക പീഡന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.  മുംബെ ദിൻഡോഷി കോടതിയാണ് ബിനോയിക്ക് മുന്‍കൂർ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്.

ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയാറാകണം. ഒരു ആള്‍ ജാമ്യവും 25,000 രൂപ കോടതിയില്‍ കെട്ടിവെക്കുകയും വേണം.

വിവാഹ വാഗ്ദാനം നൽകി ബിനോയ് കൊടിയേരി തന്നെ പീഡിപ്പിച്ചു എന്നായിരുന്നു ബിഹാർ സ്വദേശിയായ യുവതിയുടെ പരാതി. തുടർന്ന് ബിനോയിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ നിരവധി തെളിവുകള്‍ യുവതിയും ബന്ധുക്കളും പുറത്തുവിട്ടിരുന്നു. എന്നാല്‍ പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് യുവതി നടത്തുന്നത് എന്നായിരുന്നു ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടിയും വിഷയത്തില്‍ പ്രതിരോധത്തിലായിരുന്നു. മഹാരാഷ്ട്ര ഭരിക്കുന്നത് ബി.ജെ.പി സർക്കാരായതിനാല്‍ വിലപേശൽ തന്ത്രവുമായി ബി.ജെ.പി നേതൃത്വവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മഹാരാഷ്ട്ര സർക്കാരുമായി ബന്ധപ്പെട്ട് കേസ് ഒതുക്കി തീർക്കാൻ സഹായിക്കാം എന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതാക്കളുടെ വാഗ്ദാനം. ഇതിത് പകരമായി ശബരിമല പ്രക്ഷോഭത്തിലടക്കം തങ്ങളുടെ നേതാക്കൾക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ഇതിനൊപ്പം വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങൾ എന്ന് കരുതുന്ന രണ്ട് ഇടത്ത് സി.പി.എമ്മിന്‍റെ സഹായവും അവർ പ്രതീക്ഷിക്കുന്നു.

നേരത്തെ ബിനോയ് കൊടിയേരിക്കെതിരെ പതിമൂന്ന് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഉണ്ടായപ്പോൾ ഒറ്റ രാത്രി കൊണ്ടാണ് അത് ഒത്ത് തീർപ്പാക്കിയത്. അതിന് ആര് തുക നൽകി എന്നതടക്കമുളള കാര്യങ്ങൾ ഇന്നും ദുരൂഹമാണ്.

Rape Casebinoy kodiyeri
Comments (0)
Add Comment