പ്രവാസിയുടെ ആത്മഹത്യ: ചെയര്‍പേഴ്സണെ രക്ഷിക്കാന്‍ സർക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, June 20, 2019

ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്യേണ്ടിവന്ന സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്സണെ രക്ഷിക്കാന്‍ സർക്കാർ ശ്രമമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആന്തൂര്‍ നഗരസഭയിലെ ഏതാനും ഉദ്യോഗസ്ഥരില്‍ മാത്രമായി കുറ്റം ഒതുക്കി ചെയര്‍പേഴ്സനെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സാജന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ചെയര്‍പേഴ്സണ് ഒഴിയാനാവില്ലെന്നും നഗരസഭാ സെക്രട്ടറി അടക്കം നാല് പേരെ സസ്‌പെന്‍ഡ് ചെയ്തതു കൊണ്ടു കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിസാര കാര്യം പറഞ്ഞ് കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നിഷേധിച്ചതില്‍ ചെയര്‍പേഴ്സണുള്ള പങ്ക് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് സാജന്‍റെ ഭാര്യയും ബന്ധുക്കളും നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ നഗരസഭാ ചെയര്‍പേഴ്സണെതിരെയും അന്വേഷണവും നടപടിയും വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംഭവത്തില്‍ പങ്കുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബെക്കളത്ത് 16 കോടി രൂപ മുടക്കി പണികഴിച്ച കണ്‍വന്‍ഷന്‍ സെന്‍ററിന്‍റെ നിര്‍മാണത്തില്‍ യാതൊരുവിധ അപാകതയും ഇല്ലെന്ന് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആന്തൂര്‍ നഗരസഭ അനുമതി നല്‍കാതെ ഫയല്‍ മനഃപൂര്‍വം പിടിച്ചുവെക്കുകയായിരുന്നെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കൊല്ലം പുനലൂരില്‍ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഇനിയൊരു പ്രവാസി ആത്മഹത്യ ചെയ്യേണ്ടിവരില്ലെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. അത് പാഴ്വാക്കായി മാറിയെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖം നോക്കാതെയുള്ള ശക്തമായ നടപടി ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.