കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതെയായി

Jaihind News Bureau
Monday, February 10, 2020

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതെയായി. പാലക്കാട് പത്തിരിപ്പാല ഗവ: ആർട്ട്‌സ് കോളേജിലെ ബി എ ഇംഗ്ലീഷ്, മലയാളം വിദ്യാർത്ഥികളുടെ ജേണലിസം പേപ്പറാണ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നഷ്ടമായത്. വീഴ്ച്ച മറച്ച് വെയ്ക്കാൻ വിദ്യാർത്ഥികൾ പരാജയപ്പെട്ടെന്ന് കാണിച്ച് യൂണിവേഴ്‌സിറ്റി പരീക്ഷ ഫലവും പ്രഖ്യാപിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വീഴ്ച മറച്ചു വെക്കാനായി പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ ഒന്നടങ്കം തോൽപ്പിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റി.  ഈ മാസം ആറിനാണ് ബിഎ ഇംഗ്ലീഷ്,  മലയാളം വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ റിസൾട്ട് വന്നത്. ജേണലിസം പേപ്പർ എഴുതിയ 61 പേരും പരാജയപ്പെട്ടെന്നായിരുന്നു പരീക്ഷ ഫലം. പലരും അവധിയാണെന്നും കാണിച്ചിരുന്നു.  ഇതോടെ സംശയം തോന്നിയ വിദ്യാർത്ഥികൾ പരാതിയുമായി പ്രിൻസിപ്പലിലെ സമീപിക്കുകയായിരുന്നു.  കോളേജ് അധികൃതർ യൂണിവേഴ്‌സിറ്റിയിലേക്ക് വിളിച്ചന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസുകൾ നഷ്ടമായെന്ന് മറുപടി കിട്ടിയത്.

പുനഃപരീക്ഷ നടത്താമെന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇപ്പോൾ പറയുന്നത്. പക്ഷെ തങ്ങൾ അതിനൊരുക്കമല്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ യാതൊരു നടപടിക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തയ്യാറായിട്ടില്ല.