ആന്‍ റിഫ്ത കുസാറ്റിലെ മികച്ച വിദ്യാര്‍ത്ഥികളിലൊരാള്‍; ചവിട്ടുനാടകം കലാകാരി, വിങ്ങിപ്പൊട്ടി വീടും നാടും

Jaihind Webdesk
Sunday, November 26, 2023


കുസാറ്റില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും വീട്ടിലെത്തുമായിരുന്നു ആന്‍ റിഫ്ത. പിറ്റേന്ന് ഞായറാഴ്ച പള്ളിയില്‍ പോകും. എന്നാല്‍ ഇന്നലെ മാത്രം അവള്‍ വന്നില്ല. നാടിനെയും വീട്ടുകാരെയും തീരാദുഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു ആന്‍ റിഫ്ത വീട്ടിലേക്കെത്തിയത്, ജീവനറ്റ്. ഇന്നലെ കുസാറ്റിലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നാല് പേരിലൊരാണ് ആന്‍ റിഫ്ത. കുസാറ്റിലെ മികച്ച വിദ്യാര്‍ത്ഥികളിലൊരാള്‍. ആനിന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുകയാണ് വീടും നാടും. മികച്ച ചവിട്ടുനാടകം കലാകാരി കൂടിയായിരുന്നു ഈ പെണ്‍കുട്ടി. വീട്ടിലെത്തുന്ന കുട്ടികളെ ചവിട്ടുനാടകം പഠിപ്പിക്കുകയും ചെയ്തിരുന്നു. മിടുക്കിയായ ഒരു പെണ്‍കുഞ്ഞ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇല്ലാതായി എന്ന് വിശ്വസിക്കാനാവാതെ വിങ്ങിപ്പൊട്ടുകയാണ് കുടുംബാംഗങ്ങളും നാട്ടുകാരും. എസ്എസ്എല്‍സിക്കും പ്ലസ്ടൂവിനും മികച്ച വിജയം നേടിയാണ് കുസാറ്റില്‍ ആന്‍ റിഫ്ത പ്രവേശനം നേടുന്നത്. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം കൂടി വീട്ടിലേക്ക് വിളിച്ച് എല്ലാവരുമായി സംസാരിക്കുകയും കൂടി ചെയ്തിരുന്നു.

ഇന്നലെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് എല്ലാവരും തുടര്‍ച്ചയായി ഫോണിലേക്ക് വിളിച്ചു. ഒരു സുഹൃത്താണ് ഫോണെടുത്ത് ‘ആന്‍ റിഫ്തക്ക് ശ്വാസം മുട്ടലുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു’ എന്ന് വീട്ടുകാരോട് പറഞ്ഞത്. എത്രയും വേ?ഗം എത്തണം എന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ എത്തിയപ്പോഴാണ് കുട്ടി മരിച്ച വിവരം അറിയുന്നത്. അച്ഛനും അമ്മയും സഹോദരനുമാണ് ആന്‍ റിഫ്തക്കുള്ളത്. പ്രദേശത്തെ അറിയപ്പെടുന്ന ചവിട്ടുനാടക കലാകാരന്‍ കൂടിയാണ് ആന്‍ റിഫ്തയുടെ അച്ഛന്‍. അച്ഛനൊപ്പം ചവിട്ടുനാടക വേദികളിലും സജീവമായിരുന്നു ഈ പെണ്‍കുട്ടി. നൂറിലധികം വേദികളില്‍ ചവിട്ടുനാടകം അവതരിപ്പിച്ചിട്ടുണ്ട്. ആന്‍ റിഫ്തയുടെ അമ്മ ഇറ്റലിയിലാണ്. വിസിറ്റിങ് വിസയിലാണ് ഇവര്‍ അടുത്തിടെ ഇറ്റലിയിലേക്ക് പോയത്. ആന്‍ റിഫ്തയെ പഠിപ്പിക്കാന്‍ പണം കണ്ടെത്താന്‍ ജോലി തേടിയാണ് ഇവര്‍ ഇറ്റലിയിലേക്ക് പോയതെന്ന് സ്ഥലം എംഎല്‍എയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. വരാന്‍ വേണ്ടിയുള്ള സൗകര്യം ചെയ്ത് കൊടുക്കാന്‍ മലയാളി അസോസിയേഷനുകളുമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.