അനിലിന്‍റെ തീരുമാനം ഏറെ വേദനയുണ്ടാക്കി; അവസാനശ്വാസം വരെ ബിജെപിക്കെതിരെ പോരാടും; മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി എ.കെ ആന്‍റണി

Jaihind Webdesk
Thursday, April 6, 2023

AK-Antony-at-Kozhikode

തിരുവനന്തപുരം: ബിജെപിയിൽ ചേരാനുളള അനിലിന്‍റെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്ന് എ.കെ ആന്‍റണി. തികച്ചും തെറ്റായ ഒരു തീരുമാനമായിപ്പോയി എന്നാണ് അതേക്കുറിച്ച് തനിക്ക് പറയാനുള്ളത്. ഇന്ത്യാ രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ ആണിക്കല്ല് എന്ന് പറയുന്നത് ബഹുസ്വരതയും മതേതരത്വവുമാണ്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ, നമ്മുടെ രാജ്യം പ്രാണവായു പോലെ കാത്തുസൂക്ഷിച്ച നയങ്ങളെ ദുർബലപ്പെടുത്താനുള്ള തുടർച്ചയായ ശ്രമമാണ് നടക്കുന്നത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് അൽപം സാവകാശത്തിലാണ് കാര്യങ്ങൾ നടന്നിരുന്നത്. എന്നാൽ, രണ്ടാം മോദി സർക്കാർ നാനാത്വത്തിൽ ഏകത്വത്തിലേക്ക് എന്നതിന് പകരം ഏകത്വത്തിലേക്ക് എന്ന ഉറച്ച നടപടികളുമായി മുന്നോട്ടുപോവുകയാണ്. എല്ലാ രം​ഗത്തും ഏകത്വ അടിച്ചേൽപ്പിക്കാനാണ് ശ്രമം. ഇതിന്റെ ഫലമെന്താണെന്നാൽ, രാജ്യത്തിന്റെ ഐക്യം ദുർബലമാകുന്നു. ജനങ്ങളുടെ ഇടയിൽ ഐക്യം ശിഥിലമാകുന്നു. സാമൂഹിക ഐക്യം ദുർബലമാകുന്നു. ഇത് ആപത്ക്കരമാണെന്നും ആന്റണി പറഞ്ഞു.
അവസാന ശ്വാസം വരെ താൻ ബിജെപിയുടെയും ആർഎസ്എസിന്റെയും തെറ്റായ നിലപാടിനെതിരെ ശബ്ദും ഉയർത്തും. അതിൽ യാതൊരു സംശയവും വേണ്ട. സ്വാതന്ത്ര്യ സമരകാലം മുതൽ ജാതിയോ മതമോ ഭാഷയോ പ്രദേശമോ വർണമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ട കുടുംബമാണ് നെഹ്റു കുടുംബം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്താൻ ഇന്നും വിട്ടുവീഴ്ചയില്ലാതെ ആ കുടുംബം പോരാടുന്നുവെന്നും ആന്റണി വ്യക്തമാക്കി.
ഒരു കാലഘട്ടത്തിൽ തന്നോടൊപ്പം വളർന്ന തലമുറയെ ഏറ്റവും പ്രോതസാഹിപ്പിച്ചത് ഇന്ദിരാ​ഗാന്ധിയാണ്. ഒരു ഘട്ടത്തിൽ ഇന്ദിരാ​ഗാന്ധിയുമായി തനിക്ക് അകലേണ്ടി വന്നു. വീണ്ടും തിരികെയെത്തിയപ്പോൾ ഇന്ദിരാ​ഗാന്ധിയുോടും ആ കുടുംബത്തോടും മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആദരവും സ്നേഹവും ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ആ കുടുംബം ഇന്നുമുണ്ട്. താൻ എല്ലാക്കാലത്തും ആ കുടുംബത്തോടൊപ്പമാണ്. തന്റെ ജീവിതത്തിന്റെ അവസാന നളുകളാണിത്. വയസ് 82 ആയി. എത്രകാലം ഇനി ജീവിച്ചിരിക്കുമെന്ന് അറിയില്ല. ദീർഘായുസിൽ താൽപര്യമില്ല. എത്രകാലം ജീവിച്ചാലും താൻ മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസുകാരനായിട്ടായിരിക്കും. ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ചോദ്യത്തിനും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.