റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിക്കെതിരെ ആരോപണമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അപകീര്‍ത്തിക്കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി റിലയന്‍സ് ഗ്രൂപ്പ്. 5,000 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള അപകീര്‍ത്തിക്കേസുകളാണ് റിലയന്‍സ് പിന്‍വലിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനും ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് റിലയന്‍സ് ഗ്രൂപ്പ് കേസ് നല്‍കിയത്.
കോണ്‍ഗ്രസ് നേതാക്കളായ സുനില്‍ ജാഖര്‍, രണ്‍ദീപ്സിംഗ് സുര്‍ജെവാല, ഉമ്മന്‍ ചാണ്ടി, അശോക് ചവാന്‍, അഭിഷേക് മനു സിംസിംഗ്‌വി, സഞ്ജയ് നിരുപം, ശക്തിസിംഗ് ഗോഹില്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നാഷണല്‍ ഹെറാള്‍ഡ് തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരേയും ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുമായിരുന്നു റിലയന്‍സ് ഗ്രൂപ്പ്അപകീര്‍ത്തിക്കേസ് നല്‍കിയത്. അനില്‍ അംബാനിയുടെ ഉടമസ്ഥതതയിലുള്ള റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് എയറോസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കേസ് ഫയല്‍ ചെയ്തത്. അഹമ്മദാബാദ് സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് കേസുകള്‍.
കേസുകള്‍ പിന്‍വലിക്കാന്‍ പോകുകയാണെന്ന കാര്യം പ്രതിഭാഗത്തെ അറിയിച്ചതായി റിലയന്‍സ് ഗ്രൂപ്പ് അഭിഭാഷകന്‍ രസേഖ് പരീഖ് വ്യക്തമാക്കി. പ്രതിഭാഗം അഭിഭാഷകന്‍ പി.എസ് ചമ്പനേരിയും ഇക്കാര്യം സ്ഥിരീകരിച്ചു. വേനലവധിക്ക് ശേഷം കോടതി ചേരുമ്പോള്‍ കേസ് പിന്‍വലിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും.