
കൊച്ചി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കൊച്ചി ഇടപ്പള്ളിയില്‍ ജോലി ചെയ്തിരുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്. അതീവ ഗുരുതരമായ ഈ രോഗം സംസ്ഥാനത്ത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലം പാലത്തറ സ്വദേശിയായ 65 വയസ്സുകാരന്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഒക്ടോബറില്‍ മാത്രം 65 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 12 പേര്‍ മരണപ്പെട്ടു. ഈ വര്‍ഷം ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി.
നെഗ്ലേറിയ ഫൗലേറി, അകാന്തമീബ തുടങ്ങിയ ഏകകോശ ജീവികളായ അമീബകള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകുന്നത്. മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്യുന്നവരിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. 97 ശതമാനത്തിലധികമാണ് രോഗത്തിന്റെ മരണനിരക്ക്.