അമിത് ഷാ കണ്ണുരുട്ടി ; ശ്രീധരന്‍പിള്ള ചെകുത്താനും കടലിനും ഇടയില്‍

Jaihind Webdesk
Saturday, December 1, 2018

AmitShah Muraleedhan SreedharanPillai

ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ മെല്ലെപ്പോക്ക് നയത്തിനെതിരെ ബിജെപി
അധ്യക്ഷന്‍ അമിത് ഷാ നിലപാട് കടുപ്പിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ സമവായ സമീപനത്തിലും കടുത്ത അതൃപ്തിയാണ് അമിത് ഷാ പ്രകടിപ്പിച്ചിട്ടുള്ളത്. ശ്രീധരന്‍പിള്ള കോഴിക്കോട് യുവമോര്‍ച്ച ക്യാമ്പില്‍ പറഞ്ഞത് പോലെ പാര്‍ട്ടിയ്ക്ക് വന്ന സുവര്‍ണാവസരം ശ്രീധരന്‍പിള്ള തന്നെ കളഞ്ഞു കുളിക്കുകയാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇതോടൊപ്പം സംസ്ഥാന നേതൃത്വത്തിലെ കടുത്ത ഭിന്നതയും പാര്‍ട്ടി കേന്ദ്ര നേതൃത്വം ഗൌരവമായാണ് കാണുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരം ശബരിമലയില്‍ നിന്നും മാറ്റി സെക്രട്ടേറിയറ്റിന് മുന്നിലേയ്ക്ക് മാറ്റുന്നതില്‍ വി. മുരളീധര പക്ഷം കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഈ കാര്യങ്ങള്‍ മുരളീധരന്‍ അമിത് ഷായെയും കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരിയെയും അറിയിച്ചിട്ടുണ്ട്. കെ.സുരേന്ദ്രന്‍റെ അറസ്റ്റും ജയില്‍വാസവും ഉണ്ടായിട്ട് പോലും ശക്തമായി പ്രതികരിക്കാന്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇത് സംസ്ഥാന അധ്യക്ഷന്‍റെ കഴിവുകേടായാണ് മുരളീധര പക്ഷം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ പരാതികളായി പറഞ്ഞിട്ടുള്ളത്. ശബരിമല സമീപ പ്രദേശങ്ങളില്‍ നടന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ 6ഉം പത്തും വോട്ടുകള്‍ മാത്രം കിട്ടിയത് സാധാരണ ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലും നാണക്കേടുണ്ടാക്കിയെന്നാണ് പല പ്രമുഖ ബിജെപി നേതാക്കളും അടക്കം പറയുന്നത്.

ശബരിമല വിഷയത്തിലൂടെ സംജാതമായ പ്രശ്നങ്ങള്‍ ബിജെപി സംസ്ഥാന ഘടകത്തെ കാര്‍ന്നു തിന്നുകയാണ്. ഗ്രൂപ്പിസം അതിന്‍റെ പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മുന്നോട്ടുപോയാല്‍ ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്നാണ് ശ്രീധരന്‍പിള്ള വിരുദ്ധപക്ഷത്തിന്‍റെ നിലപാട്. അതുകൊണ്ട് തന്നെ ശ്രീധരന്‍പിള്ളയുടെ അധ്യക്ഷപദവി തെറിക്കാനും തെറിപ്പിക്കാനുമുള്ള മത്സരത്തിലാണ് ബിജെപിയിലെ ഇരുചേരിയിലുമുള്ള നേതാക്കള്‍. ഈ പരിതാപകരമായ അവസ്ഥയില്‍ ശ്രീധരന്‍പിള്ള ചെകുത്താനും കടലിനും ഇടയിലാണ്.[yop_poll id=2]