കൊച്ചി: കഴിഞ്ഞ ദിവസം ആലുവയിലുണ്ടായ അഞ്ചു വയസുകാരിയായ പെൺകുട്ടിയുടെ ദാരുണമായ കൊലപാതകം കേരള മനസാക്ഷിയെ കുറച്ചൊന്നുമല്ല പൊള്ളിച്ചത് . അന്യ സംസ്ഥാനക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പാലത്തിനു ചുവട്ടിലെ ഒഴിഞ്ഞ സ്ഥലത്ത് ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയായ അഷ്ഫാബ് ആലം എന്ന ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ കേസ് സംബന്ധിച്ച് ഇന്നലെ കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക പേജിൽ “മകളേ മാപ്പ്” എന്ന ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിനടിയിലെ കമൻ്റുകളിൽ ഭൂരിഭാഗവും നിയമത്തോടും വ്യവസ്ഥിതിയോടുമുള്ള രോഷം പ്രകടിപ്പിക്കുന്നവ ആയിരുന്നു. നമ്മുടെ നിയമം ഈ പ്രതിയെ ജയിലിൽ അടച്ച് തീറ്റിപ്പോറ്റുന്നതിലുള്ള പ്രതിഷേധ മാണ് പലരും പങ്കു വെച്ചത്.
ചില കമൻ്റുകളിൽ കാക്കിപ്പട എന്ന സിനിമയിലെപ്പോലെ ചെയ്യാമോ എന്ന് പോലീസിനോട് ചോദിക്കുന്നവരുണ്ട്. ആ ക്ലൈമാക്സ് നടപ്പിലാക്കിയാൽ പോലീസിന് സല്യൂട്ട് തരുമെന്ന് മറ്റു ചിലർ പറയുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിൽ റിലീസായ സിനിമയാണ് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട.
എട്ടു വയസുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്ത പ്രതിക്ക് ജനരോഷത്തിൽ നിന്ന് സംരക്ഷണം നൽകാനെത്തുന്ന പോലീസുകാർ തന്നെ പ്രതിയെ കൊലപ്പെടുത്തുന്നതാണ് ഈ സിനിമയുടെ പ്രമേയം. തിയേറ്ററുകളിൽ ജനശ്രദ്ധയാകർഷിച്ച കാക്കിപ്പട വളരെയേറെ ശ്രദ്ധേയമായത് ഒടിടി – യു ട്യൂബ് റിലീസുകൾക്ക് ശേഷമാണ്. വൈകുന്ന നീതി നീതി നിഷേധമാണ് എന്ന ടാഗ് ലൈൻ ആണ് കാക്കിപ്പടയുടെ ശിൽപ്പികൾ സിനിമക്ക് നൽകിയത്.ആ വാചകങ്ങളെ അന്വർത്ഥമാക്കുന്നത് തന്നെയായിരുന്നു സിനിമ നൽകിയ സന്ദേശം.
അതിക്രൂരമായ കൊലപാതകങ്ങൾ, പ്രത്യേകിച്ച് കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ നിലവിലുള്ള നിയമസംവിധാനം ദുർബലമാകുമ്പോൾ നിയമം കൈയിലെടുക്കാൻ നിയമപാലകർ തയ്യാറാകുമോ എന്ന ചോദ്യമാണ് കാക്കിപ്പട എന്ന സിനിമ ഉയർത്തുന്നത്. ഇന്നിൻ്റെ സാഹചര്യത്തിൽ ഈ സിനിമയുടെ പ്രാധാന്യം പൊതു സമൂഹം ചർച്ച ചെയ്യേണ്ടതാണ്.